ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്കുള്ള സമയം പ്രഖ്യാപിച്ചിട്ടും ഡൽഹിയിൽ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി. നാളെ രാവിലെ 11 മണിക്ക് ഡൽഹി രാംലീല മൈതാനത്താണ് ചടങ്ങുകൾ. അതേസമയം ഇന്ന് ചേരുന്ന നിയമസഭ കക്ഷി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവർത്തകർ.
ഒരു ലക്ഷം പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങളാണ് ഡൽഹി രാംലീല മൈതാനത്ത് തയാറാക്കുന്നത്. ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും ബിജെപിക്ക് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബിജെപി പ്രവർത്തകരുടെ പ്രതീക്ഷ.
സമവായം ഇല്ലാത്തതിനെ തുടർന്ന് നിരവധി തവണയാണ് യോഗം മാറ്റിവച്ചത്. എന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവരാരും ബിജെപിയിൽ ഇല്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തും. അരവിന്ദ് കെജ്‌രിവാളിനെ അട്ടിമറിച്ച് വിജയം നേടിയ പർവേശ് വർമയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.