തൃശൂര്‍: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിൽ. മയക്കുവെടിയേറ്റതിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്.
നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മസ്തകത്തിലെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. അതേസമയം, അതിരപ്പള്ളിയിൽ നിന്ന് പിടിച്ച കൊമ്പനെ പാർപ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിൽ ഒരുങ്ങിയിട്ടുണ്ട്. പുതിയ കൂടിന്‍റെ ബല പരിശോധനയും പൂർത്തിയായി.