കറാച്ചി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും ചാംപ്യന്‍സ് ട്രോഫി ആവേശത്തിലേക്ക്. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തിന് ഇന്നു തുടക്കം. കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. പാകിസ്ഥാനാണ് ഇത്തവണ വേദിയാകുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ അരങ്ങേറും.
30 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാന്‍ ഒരു ഐസിസി പോരിന് വേദിയാകുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഏകദിന ഫോര്‍മാറ്റിലെ രണ്ടാമത്തെ വലിയ പോരാണ് ചാംപ്യന്‍സ് ട്രോഫി. മാര്‍ച്ച് 9നാണ് ഫൈനല്‍ പോരാട്ടം. ഇന്ത്യ 20നാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. 23നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.
ഉദ്ഘാടന മത്സരത്തിനായി പാക്കിസ്ഥാനും ന്യൂസീലന്‍ഡും ഇന്നിറങ്ങുമ്പോള്‍ ദിവസങ്ങള്‍ക്ക് മുന്‍പു നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആക്ഷന്‍ റീപ്ലേയാണ് കിവീസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതേ വേദിയില്‍ വച്ചു നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിനു തോല്‍പിച്ചാണ് കിവീസ് ജേതാക്കളായത്.
ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്യംസന്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങി ശക്തമായ ബാറ്റിങ് നിരയുമായാണ് കിവീസ് എത്തുന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന സ്പിന്‍ നിരയും മികച്ച ഫോമിലാണ്. മറുവശത്ത് ചാംപ്യന്‍സ് ട്രോഫി തയ്യാറെടുപ്പിനായി ലഭിച്ച ത്രിരാഷ്ട്ര പരമ്പര നഷ്ടപ്പെടുത്തിയതിന്റെ നിരാശ മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാക് നിരയ്ക്കുണ്ട്.
ബാറ്റിങ്ങില്‍ യുവതാരം സല്‍മാന്‍ ആഗ, ഫഖര്‍ സമാന്‍ തുടങ്ങിയവര്‍ മികച്ച ഫോമിലാണ്. എന്നാല്‍ ഷഹീന്‍ ഷാ, അഫ്രീദിയുള്‍പ്പെടെയുള്ള പേസര്‍മാര്‍ പരമ്പരയില്‍ നിരാശപ്പെടുത്തി. ബൗളര്‍മാര്‍ കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ സ്വന്തം മണ്ണില്‍ പാക്കിസ്ഥാനെ പിടിച്ചുകെട്ടുക എളുപ്പമാകില്ല.
ഗ്രൂപ്പുകള്‍ ഇങ്ങനെ
ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ് പ്രാഥമിക ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് എ- ഇന്ത്യ, പകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്.
ഗ്രൂപ്പ് ബി- ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്.
സമയം, ലൈവ്
എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം 2.30 മുതലാണ് അരങ്ങേറുന്നത്. മത്സരങ്ങള്‍ ടെലിവിഷനിലൂടെ നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലൂടെ കാണാം. ഓണ്‍ ലൈനായി ജിയോ ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.
മത്സര ക്രമം
ഫെബ്രുവരി 19- പാകിസ്ഥാന്‍- ന്യൂസിലന്‍ഡ്
ഫെബ്രുവരി 20- ബംഗ്ലാദേശ്- ഇന്ത്യ
ഫെബ്രുവരി 21- അഫ്ഗാനിസ്ഥാന്‍- സൗത്ത് ആഫ്രിക്ക
ഫെബ്രുവരി 22- ഓസ്ട്രേലിയ- ഇംഗ്ലണ്ട്
ഫെബ്രുവരി 23- പാകിസ്ഥാന്‍- ഇന്ത്യ
ഫെബ്രുവരി 24- ബംഗ്ലാദേശ്- ന്യൂസിലന്‍ഡ്
ഫെബ്രുവരി 25- ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക
ഫെബ്രുവരി 26- അഫ്ഗാനിസ്ഥാന്‍- ഇംഗ്ലണ്ട്
ഫെബ്രുവരി 27- പാകിസ്ഥാന്‍- ബംഗ്ലാദേശ്
ഫെബ്രുവരി 28- അഫ്ഗാനിസ്ഥാന്‍- ഓസ്ട്രേലിയ
മാര്‍ച്ച് 1- ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട്
മാര്‍ച്ച് 2- ന്യൂസിലന്‍ഡ്- ഇന്ത്യ
ഒന്നാം സെമി ഫൈനല്‍: മര്‍ച്ച് 4
രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 5
ഫൈനല്‍: മാര്‍ച്ച് 9
റിസര്‍വ് ദിനം: മാര്‍ച്ച് 10.
content highlight: Champions Trophy