ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് മോഡലിനെ ഇന്തൊനീഷ്യൻ ഇന്റർനാഷനൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച് ടൊയോട്ട. ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട ഇന്തൊനീഷ്യയാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. നേരത്തെ 2022 ലെ മോട്ടർഷോയിലും ടൊയോട്ട, ഇന്നോവയുടെ ഇലക്ട്രിക്കിനെ പ്രദർശിപ്പിച്ചിരുന്നു.
ഡീസൽ എൻജിൻ മാറ്റി ബാറ്ററി പാക്ക് ഘടിപ്പിച്ച് അകത്തും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് ഇന്നോവയെ പ്രദർശിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മൂടിയ മുൻവശം നൽകിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിങ്‌ലാംപും നൽകിയിട്ടുണ്ട്. ഫ്യുവല്‍ ലിഡിന്റെ സ്ഥാനത്താണ് ഇലക്ട്രിക് ചാര്‍ജിങ് സോക്കറ്റ്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഉള്ളിൽ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയോടു കൂടിയ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, ഡ്യൂവൽ ടോൺ ഇന്റീരിയർ, ക്യാപ്റ്റൻ സീറ്റുകൾ, പിൻ യാത്രക്കാർക്കും ഇൻഫോടെയിൻമെന്റ് സ്ക്രീൻ എന്നിവയുണ്ട്.
ഇന്നോവ ബിഇവി എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിൽ 59.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററികൾ എൻജിൻ ബേയിലും ഫ്ലോറിലുമായിട്ടാണ് ഉറപ്പിച്ചിരിക്കുന്നത്. ടൈപ് 2 എസി, സിസിഎസ്–2 ഡിസി ചാർജറുകൾ വാഹനം സപ്പോർട്ട് ചെയ്യും. ചാർജിന്റെയും മോട്ടറിന്റെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
content highlight: Innova Crysta Electric