ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹ മോചിതയായ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ പരാതി തലശേരി പൊലീസിന് ലഭിക്കുന്നത്.
നാളുകളായി ഇരുവരെ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തിരുന്നെങ്കിലും യഥാർത്ഥ ഐഡന്റിറ്റി നജീർ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഒരുമിച്ച് ജീവിക്കാനായി സ്വർണവുമായി എത്താൻ നിർദേശിച്ചത്. ശേഷം സ്വർണം കൈക്കലാക്കി നജീർ കടന്നു കളയുകയായിരുന്നു. കൈയിലുള്ള പണവും സ്വർണവുമായി തലശേരിയിലേക്ക് എത്താനാണ് നജീർ യുവതിയോട് ആവശ്യപ്പെട്ടിരുന്നത്.
ആദ്യ വിവാഹം നടത്തിയിരുന്ന സമയത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായാണ് യുവതി തലശേരിയിലെത്തിയത്. സ്വർണാഭരണം കൈയിൽ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും തന്റെ സുഹൃത്തു വരുമെന്നും നജീർ പറഞ്ഞു. സ്വർണം സുഹൃത്തിന്റെ കൈയിൽ ഏൽപ്പിച്ചേക്കാനും നജീർ നിർദേശിച്ചു. ശേഷം താൻ അറേഞ്ച് ചെയ്ത ടാക്സിയിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്താൽ മതിയെന്നും നജീർ യുവതിയോട് പറഞ്ഞു. ഇത് യുവതി വിശ്വസിച്ചു.
നജീറിനെ ഒരിക്കൽ പോലും യുവതി നേരിട്ട് കണ്ടിരുന്നില്ല. നജീർ പറഞ്ഞതനുസരിച്ച് സ്വർണം യുവതി കൈമാറി. ഇതിന് ശേഷം ആളെയും സ്വർണവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതുമായി പ്രതി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങളുണ്ടെന്നാണ് പൊലീസിൽ നിന്ന് മനസിലാക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ പേ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. നജീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്.