Kerala

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കുനാനും തീരുമാനിച്ചു.

  • മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സണായി ഡോ. ആശാ തോമസ് ഐ.എ.എസിനെ നിയമിക്കും. മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും. കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്‌സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.

മത്സ്യബന്ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും. എക്‌സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയര്‍ പോര്‍ട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.

‘supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.’ എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂര്‍ മുഴക്കുന്ന്, അയ്യന്‍കുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് കകക ല്‍ ഉള്‍പ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിന്‍, പൈപ്പ് ലൈന്‍ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

CONTENT HIGH LIGHTS; Cabinet decision to revise salary and benefits of Chairman and members of Public Service Commission