കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തിൽ പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.
കട്ടപ്പന സ്വദേശികളായ വിഷ്ണു ആശ ദമ്പതികളുടെ മകൾ ഏകഅപർണിക ഇന്നലെയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ എത്തിച്ച കുട്ടിക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു. മരണത്തിനു മുൻപ് കുട്ടിക്ക് അസ്വസ്ഥതകൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
കഴിഞ്ഞ പതിനൊന്നാം തീയതി കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്ന് മരുന്നു നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് കഴിഞ്ഞദിവസം അസുഖം മൂർച്ചിക്കുകയായിരുന്നു.
എന്നാൽ മാതാപിതാക്കളുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. മതിയായ ചികിത്സ നൽകിയിരുന്നു എന്നാണ് സൂപ്രണ്ട് തന്നെ പറയുന്നത്. മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.