സൈബര്‍ തട്ടിപ്പുകളില്‍ യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുന്ന ‘കോള്‍ മെര്‍ജിങ് സ്‌കാം’മില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന രഹസ്യ ഒടിപികള്‍ കൈക്കലാക്കി പണം തട്ടുന്നതാണ് രീതി. ഒടിപി കൈക്കലാക്കാന്‍ കോളുകള്‍ വിളിച്ചാണ് തട്ടിപ്പ്. പലപ്പോഴായി മിസ്ഡ് കോളുകള്‍ നല്‍കിയാണ് ഉപയോക്താക്കളെ തട്ടിപ്പില്‍ വീഴ്ത്തുന്നത്. ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴിയാണ് എന്‍പിസിഐയുടെ മുന്നറിയിപ്പ്. സ്‌കാമര്‍മാര്‍ കെണിയില്‍ വീഴ്ത്താന്‍ കോളുകള്‍ മെര്‍ജ് ചെയ്യുന്നതായും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്നറിയിപ്പിലുണ്ട്.
കോള്‍ മെര്‍ജിങ് സ്‌കാം എന്താണ്?
എന്‍പിസിഐ പറയുന്നതനുസരിച്ച് തട്ടിപ്പുകാര്‍ ഏതെങ്കിലും ഒരു പരിപാടിക്ക് ക്ഷണിക്കാനോ, അല്ലെങ്കില്‍ തൊഴില്‍ അഭിമുഖമെന്ന വ്യാജേനയാണ് സമീപിക്കുക. സുഹൃത്തില്‍ നിന്നാണ് നമ്പര്‍ ലഭിച്ചതെന്നും അവര്‍ പറയും. കൂടാതെ കോളിനിടെ മറ്റൊരു നമ്പറുമായി കോള്‍ മെര്‍ജ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. രണ്ടാമത്തെ കോള്‍ ബാങ്കില്‍ നിന്നുള്ള ഒരു ഒടിപി കോളാണ്, കോളുകള്‍ മെര്‍ജ് ചെയ്താല്‍ തട്ടിപ്പുകാരന് നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ഇങ്ങനെ രഹസ്യ ഒടിപി മനസിലാക്കും.ഒടിപി ഉപയോഗപ്പെടുത്തി ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ പണം കവരുമെന്നും എന്‍പിസിഐ പറഞ്ഞു.
സൈബര്‍ തട്ടിപ്പുകളെ തടയാം
ഉപയോക്താക്കള്‍ക്ക് ഒടിപികള്‍ ലഭിക്കുന്നത്, എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴിയോ അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍ വഴിയോ ആകും. ഉപയോക്താവ് കോളിലൂടെ ഒടിപി ലഭിക്കാന്‍ ശ്രമിച്ചാല്‍ സ്‌കാമര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
അജ്ഞാത നമ്പറില്‍ നിന്ന് കോള്‍വന്നാല്‍ അത് അവഗണിക്കുകയും പരിചിതമല്ലാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള കോളുകള്‍ മെര്‍ജ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ ഫോണില്‍ സ്പാം കോളുകള്‍ തടയാന്‍ കോള്‍ സെറ്റിങ്‌സില്‍ സ്പാം കോള്‍ ഫില്‍ട്ടര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഓണ്‍ ചെയ്യുക. ഇത് നിങ്ങളുടെ ഫോണില്‍ എത്തുന്ന അജ്ഞാത നമ്പറുകളെ തടയും.
content highlight: NPCI