ദുബായ്∙ ചാംപ്യൻസ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിനുള്ളിൽ വീണ്ടും അസ്വാരസ്യങ്ങൾ? ദേശീയ മാധ്യമങ്ങളിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടീമിനുള്ളിൽ എല്ലാം ‘ഓകെ’ അല്ല എന്നാണ് സൂചന. ടീമിൽനിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് ഒരു സീനിയർ താരം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തിയതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തന്നെ പരിഗണിക്കാത്തതിലാണ് താരം അതൃപ്തി പരസ്യമാക്കിയതെന്നാണ് വിവരം.
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലദേശിനെ നേരിടാനിരിക്കെയാണ് പ്രതിസന്ധി ഉരുണ്ടുകൂടുന്നത്. അതേസമയം, നിലവിൽ ടീമിന്റെ ഭാഗമായിട്ടുള്ളയാളാണോ എതിർപ്പ് ഉന്നയിച്ച് വിക്കറ്റ് കീപ്പർ എന്നതിൽ വ്യക്തതയില്ല. കെ.എൽ. രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ടീമിൽ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായിട്ടുള്ളത് ഋഷഭ് പന്താണ്. ടീമിലേക്ക് പരിഗണിക്കാതെ പോയ വിക്കറ്റ് കീപ്പർമാർ ടീമിനു പുറത്തുമുണ്ട്.
‘‘ഗൗതം ഗംഭീറിനോട് ഒരു വിക്കറ്റ് കീപ്പർ ബാറ്ററിന് കടുത്ത എതിർപ്പുള്ളതായി ടീം വൃത്തങ്ങൾ തന്നെ ടൈംസ് നൗവിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നില്ല. ഏകദിന ഫോർമാറ്റിൽ തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നിൽ ചില ബാഹ്യ കാരണങ്ങളുണ്ടെന്ന് ഈ താരം വിശ്വസിക്കുന്നു’ – റിപ്പോർട്ടിൽ പറയുന്നു.
content highlight: Gautham Gambhir