ദില്ലി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പിന്തുണയുള്ള ഉപഭോക്തൃ പിന്തുണാ പ്ലാറ്റ്‌ഫോമായ ‘നഗ്ഗറ്റ്’ (Nugget) ആരംഭിച്ച് സൊമാറ്റോ. കമ്പനിയുടെ ഇൻ-ഹൗസ് ഇന്നൊവേഷനുകൾക്കായുള്ള ഇൻകുബേറ്ററായ സൊമാറ്റോ ലാബ്‌സിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണിത്. നഗ്ഗറ്റ് എളുപ്പത്തിൽ ബിസിനസ് പിന്തുണ നൽകാൻ സഹായിക്കുന്നു എന്നും കുറഞ്ഞ ചെലവുള്ളതാണെന്നും ദീപീന്ദർ ഗോയൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപീന്ദർ ഗോയൽ നഗ്ഗറ്റ് അനാച്ഛാദനം ചെയ്തു. നഗ്ഗറ്റ് സൊമാറ്റോയുടെ ഭക്ഷണ വിതരണ ബിസിനസ്, ക്വിക്ക് കൊമേഴ്‌സ് വെർട്ടിക്കൽ ബ്ലിങ്കിറ്റ്, ഹൈപ്പർപ്യുർ എന്നിവയെ ശക്തിപ്പെടുത്തുന്നു.
അതേസമയം ഒക്ടോബർ-ഡിസംബർ പാദത്തിൽ സൊമാറ്റോയുടെ സംയോജിത അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയായി. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് (ക്യുസി) പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്‍റെ വിപുലീകരണത്തിനായുള്ള ചെലവുകൾ വർധിച്ചതാണ് ലാഭത്തിൽ കുത്തനെ ഇടിവുണ്ടാകാൻ കാരണം. എങ്കിലും ഡിസംബർ പാദത്തിൽ വരുമാനം 64.9 ശതമാനം വർധിച്ച് 5,405 കോടി രൂപയായി. ഇത് ശക്തമായ ഡിമാൻഡിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ, പ്രവർത്തനത്തിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 3,288 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 17ന് ബിഎസ്ഇയിൽ സൊമാറ്റോയുടെ ഓഹരികൾ 1.9 ശതമാനം ഉയർന്ന് 218.6 രൂപയിൽ ക്ലോസ് ചെയ്തു.ഈ മാസം ആദ്യം സൊമാറ്റോയുടെ ബോർഡ് ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി സ്ഥാപനത്തിന്‍റെ പേര് എറ്റേണൽ ലിമിറ്റഡ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം അംഗീകരിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റിന് കീഴിലുള്ള ഗോ-ഔട്ട് ഓഫറുകൾ, ബിസിനസ്-ടു-ബിസിനസ് ഗ്രോസറി സപ്ലൈ വെർട്ടിക്കൽ ഹൈപ്പർപ്യുർ എന്നിങ്ങനെ കമ്പനിയുടെ നാല് ബിസിനസുകൾ എറ്റേണലിൽ ഉണ്ടാകും.
content highlight : zomato-launched-ai-backed-customer-support-platform-nugget