India

കുംഭമേളയിലെ വെള്ളം കുളിയ്ക്കാൻ മാത്രമല്ല, കുടിക്കാനും അനുയോജ്യം: യോ​ഗി ആദിത്യനാഥ്

മഹാകുംഭ മേള നടക്കുന്ന പ്രയാ​ഗ്‍രാജിലെ ​ഗം​ഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പ്രചാരണമെന്ന് യോ​ഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാ​ഗമായി കുടിയ്ക്കാനും (ആച്മൻ) വെള്ളം യോ​ഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു.

മലിനജലം, മൃഗങ്ങളുടെ അവശിഷ്ടം എന്നിങ്ങനെ പല കാരണങ്ങളാൽ ഇ കോണ ബാക്ടീരിയ വർധിക്കും. എന്നാൽ പ്രയാഗ്‌രാജിലെ ഫെക്കൽ കോളിഫോമിൻ്റെ അളവ് 100 മില്ലിയിൽ 2,500 എംപിഎന്നിൽ താഴെയാണ്. മഹാകുംഭത്തെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പരിപാടി ഏതെങ്കിലും പാർട്ടിയോ സർക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിൻ്റേതാണ്. ഞങ്ങൾ സഹായികൾ മാത്രമാണ്. ഉത്സവത്തിന് ഏഴ് ദിവസം ശേഷിക്കുന്നു. ഇന്ന് ഉച്ചവരെ 56.26 കോടി ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഈ നൂറ്റാണ്ടിലെ മഹാനായ കുംഭവുമായി സഹകരിക്കാൻ ഞങ്ങളുടെ സർക്കാരിന് അവസരം ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേ​ഹം പറഞ്ഞു.