മതിപ്പ് വില കൊടുത്ത് വാങ്ങിയ വസ്തുവിന്റെ ഭൂനികുതി 2023 വരെ ഒടുക്കിയ സാഹചര്യത്തില്‍ തുടര്‍ന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കി. കേരള ലാന്റ് ടാക്‌സ് നിയമം സെക്ഷന്‍ 3 (3) ഡി പ്രകാരം ഭൂനികുതി സ്വീകരിക്കണമെന്ന് സമാന കേസുകളില്‍ ഹൈക്കോടതി വിധികളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. പ്രഥമദ്യഷ്ട്യാ റവന്യുവകുപ്പിന്റെ നിലപാട് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. 1938 ല്‍ ഉണ്ടായ ഭൂമി ഏറ്റെടുക്കല്‍ രേഖകള്‍ പരാതികക്ഷി ഹാജരാക്കണമെന്ന് പറയുന്നത് അന്യായമാണ്. ഭൂമിയില്‍ കുറവുണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത റവന്യു അധികൃതര്‍ക്കാണ്. പട്ടയം സംബന്ധിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ അത് തീരുമാനിക്കേണ്ടത് സിവില്‍ കോടതിയിലാണ്. റവന്യുവകുപ്പിന് അതിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിയെ കുറിച്ച് നെടുമങ്ങാട് തഹസില്‍ദാര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. മാര്‍ച്ചില്‍ കേസ് പരിഗണിക്കുമ്പോള്‍ തഹസില്‍ദാര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. വാമനപുരം വില്ലേജിലുള്ള 3 ¾ സെന്റ് വസ്തുവിന്റെ കരം ഒടുക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ഉത്തരവ്. റീസര്‍വേയില്‍ പരാതിക്കാരന്റെ സ്ഥലം പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ എടുത്തതായി കണ്ടെത്തിയെന്നും മുന്‍ ആധാര കക്ഷിയില്‍ നിന്നും പൊന്നുംവിലയ്ക്ക് സ്ഥലം ഏറെടുത്തിട്ടില്ലെന്ന രേഖ ഹാജരാക്കണമെന്നുമാണ് നെടുമങ്ങാട് തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വാമനപുരം സ്വദേശി വി ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.