Kerala

കേരള ഹീമോഫീലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ആരോഗ്യ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി

കേരള ഹീമോഫീലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികളില്‍ ഹീമോഫീലിയ ഫാക്ടര്‍ ലഭ്യതയുമായി നിലനില്‍ക്കുന്ന അപര്യാപ്തത കേരള ഹീമോഫീലിയ കോ ഓഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചു. റീ കോമ്പിനന്റ് ഫാക്ടര്‍ 8 വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉന്നതതല യോഗം കൂടി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗികളുടെ സാന്ദ്രത കണക്കിലെടുത്ത് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് കേന്ദ്രങ്ങളിലേക്ക് ഒരാഴ്ചക്കകം മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ നിലവില്‍ 18 വയസ്സിന് താഴെയുള്ള 254 കുട്ടികള്‍ക്കാണ് എമിസിസുമാബ് പ്രൊഫിലാക്‌സിസ് ചികിത്സ നല്‍കിവരുന്നത്. പ്രായപരിധി വിപുലീകരിച്ച് ആവശ്യമായ രോഗികള്‍ക്ക്കൂടി എമിസിസുമാബ് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് അറിയിച്ചു. ഹീമോഫീലിയ ബി രോഗികള്‍ക്കും രക്തസ്രാവത്തിന്റെ തീവ്രത അനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രൊഫിലാക്‌സിസ് ചികിത്സ ലഭ്യമാക്കുമെന്നും അറിയിച്ചു. രക്തജന്യ രോഗമുള്ള സ്ത്രീകളിലും പെണ്‍കുട്ടികളിലും ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കി. ഹീമോഫീലിയ രോഗികള്‍ നിലവില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കോ- ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിക്കുകയും ഈ വിഷയം പരിശോധിച്ച് വേണ്ട ഇടപെടല്‍ നടത്താമെന്ന് ഉറപ്പ് നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, കേരള കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.