ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഇതിനകം തന്നെ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. മഹാകുംഭമേള ആരംഭിച്ച് മുപ്പത്തിമൂന്നാം ദിവസമായിരുന്നു ഫെബ്രുവരി 14. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ ഇതിനകം 50 കോടിയിൽ അധികം ആളുകളാണ് പുണ്യസ്നാനം നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മതസംഗമമായി മാറി മഹാകുംഭമേള. 14ന് മാത്രം വൈകുന്നേരം ആറുമണി ആയപ്പോഴേക്കും 92 ലക്ഷം തീർഥാടകരാണ് പുണ്യസ്നാനം നടത്തിയത്. 40 മുതൽ 45 കോടി തീർഥാടകർ മഹാകുംഭമേളക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ അധികം തീർഥാടകരാണ് മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് എത്തി ചേർന്നത്.
അതേസമയം, അമിതമായി തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ മഹാകുംഭമേള നീട്ടി വയ്ക്കണമെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്. നിരവധി ആളുകൾക്കു മഹാകുംഭ മേളയിൽ പങ്കെടുക്കണമെന്നുണ്ട്. എന്നാൽ, പലർക്കും അതിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ മഹാകുംഭമേള കുറച്ചു കാലത്തേക്കു കൂടി നീട്ടി വയ്ക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ പല കോണുകളിൽ നിന്നും മഹാകുംഭമേള നീട്ടി വയ്ക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ല. മഹാകുംഭമേള നീട്ടി വയ്ക്കും എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ വാർത്തകളും പ്രയാഗ് രാജ് ജില്ല മജിസ്ട്രേറ്റ് രവിന്ദ്ര കുമാർ മാൻധദ് നിഷേധിച്ചു. ചില സാമൂഹ്യവിരുദ്ധരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 26ന് മഹാശിവരാത്രിയോടെ 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും.
സർക്കാരും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിക്കുന്നതു വരെ ഇത്തരത്തിലുള്ള വാർത്തകൾ ആളുകൾ വിശ്വസിക്കരുതെന്ന് ജില്ല മജിസ്ട്രേട് രവിന്ദ്ര കുമാർ മാൻധദ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തീർഥാടകരെ ആവശ്യമില്ലാതെ ആശയക്കുഴപ്പത്തിൽ ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകുംഭ മേള നീട്ടി വയ്ക്കുന്നു എന്നതു തെറ്റായ വാർത്തയാണ്. 26 നാണ് മഹാകുംഭമേളയുടെ അവസാനദിനം. സർക്കാരോ ഭരണകൂടമോ മഹാകുംഭമേള നീട്ടി വയ്ക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിക്കാത്ത പക്ഷം ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ശ്രദ്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
content highlight: maha-kumbh-mela-extension-rumor