കസാക്കിസ്ഥാൻ പ്രകൃതിസൌന്ദര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കാർഖാൻഡി മലനിരകൾ, എലിക്കേൽ അരിപ്പകൾ, കസാഖ് സ്റ്റെപ്പുകൾ (വിപുലമായ പുല്പുരങ്ങൾ) എന്നിവ ഇവിടുത്തെ പ്രകൃതിവിശേഷങ്ങൾ ആണു. ഇതോടൊപ്പം, എണ്ണയും വാതകവും ഉൾപ്പെടെയുള്ള പ്രകൃതിസമ്പത്തുകൾ കസാക്കിസ്ഥാനെ സമ്പന്നമാക്കുന്നു.
കസാക്കിസ്ഥാനിലെ വിനോദസഞ്ചാരം സമീപ വർഷങ്ങളിൽ സജീവമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര യാത്രക്കാർക്കിടയിൽ രാജ്യം കൂടുതൽ പ്രചാരം നേടുന്നുമുണ്ട്. അൽമാട്ടി, അസ്താന, ദേശീയ പാർക്കുകൾ എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട കസാക്കിസ്ഥാനിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. 2024-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ തന്നെ 566,500 വിദേശ വിനോദസഞ്ചാരികളാണ് കസാക്കിസ്ഥാൻ സന്ദർശിച്ചത്. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 10% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കസാക്കിസ്ഥാൻ്റെ വിനോദസഞ്ചാര സാധ്യതയെ മറ്റ് പ്രശസ്തമായ യാത്രാ മാധ്യമങ്ങളും പ്രശംസിച്ചിട്ടുണ്ട്.
ഇപ്പോൾ കസാക്കിസ്ഥാനിലേക്ക് പോകാൻ സന്തോഷം നൽകുന്ന വേറെയും ചില കാര്യങ്ങളുണ്ട്. ഇവിടേക്ക് എത്തുന്ന സന്ദർശകരുടെ സുരക്ഷയും സൗകര്യവും ഉറപ്പു വരുത്താൻ ഒരു ക്യു ആർ കോഡ് അടിസ്ഥാനമാക്കിയുള്ള സുരക്ഷാരീതിയാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ സന്ദർശകർക്കും SafeTravel.kz മായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ക്യു ആർ കോഡ് കാർഡ് ലഭിക്കും.
ഒരു വിവിധഭാഷ ഓൺലൈൻ പ്ലാറ്റ്ഫോം ആണിത്. അത്യാവശ്യമുള്ള സുരക്ഷ വിവരങ്ങൾ, അടിയന്തിരമായി ബന്ധപ്പെടേണ്ട നമ്പറുകൾ, യാത്രാ നിർദ്ദേശങ്ങൾ എന്നിവയെല്ലാം സന്ദർശകർക്ക് ഈ ക്യു ആർ കോഡ് ഉപയോഗിച്ച് ലഭിക്കും. അസ്താന രാജ്യാന്തര വിമാനത്താവളത്തിൽ ആണ് ക്യു ആർ കോഡ് കാർഡ് ആദ്യമായി വിതരണം ചെയ്തത്. പ്രധാനപ്പെട്ട എല്ലാ പ്രവേശന കവാടങ്ങളിലും താമസിയാതെ തന്നെ ക്യു ആർ കോഡ് കാർഡ് ലഭ്യമായി തുടങ്ങും.
സഞ്ചാരികൾക്ക് ക്യു ആർ കോഡ് നൽകുന്നത്
ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ സഞ്ചാരികൾക്ക് നിരവധി സേവനങ്ങൾ ലഭിക്കും. അതിൽ പ്രധാനപ്പെട്ടതാണ് അടിയന്തിരമായി ബന്ധപ്പെടേണ്ട നമ്പറുകളും എസ് ഒ എസ് സംവിധാനവും. സഞ്ചാരികൾക്ക് വളരെ പെട്ടെന്ന് 102 മൊബൈൽ ആപ്പ് വഴി പൊലീസുമായി ബന്ധപ്പെടാവുന്നതാണ്. ഇതിൽ അടിയന്തിര എസ് ഒ എസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമപരമായ നിർദ്ദേശങ്ങളാണ് ഈ ക്യു ആർ കോഡിലൂടെ ലഭിക്കുന്ന മറ്റ് ചില കാര്യങ്ങളിൽ ഒന്ന്. വീസ, പ്രവാസ സംബന്ധമായ നിർദ്ദേശങ്ങൾ എന്നിവയും ലഭിക്കുന്നതാണ്. പ്രദേശത്തെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ സഞ്ചാരിയെ ഇതു സഹായിക്കും.
സുരക്ഷിതമായ ഗതാഗതസംബന്ധമായ കാര്യങ്ങൾ അറിയാനും ഇത് സഹായിക്കും. ഔദ്യോഗിക ടാക്സി സംബന്ധമായ വിവരങ്ങൾ, ഓൺലൈൻ ആയുള്ള ഗതാഗത വിവരങ്ങൾ എന്നിവ സഞ്ചാരികൾക്ക് ലഭിക്കുന്നത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അവരെ സഹായിക്കും. വളരെ എളുപ്പത്തിൽ നാട് കാണാൻ വിശദമായ സിറ്റി മാപ്പും പോപ്പുലർ നാവിഗേഷൻ ആപ്പുകളും ലഭിക്കും.
പ്രദേശത്തെ ടെലകോം ഓപ്പറേറ്റേഴ്സിനെക്കുറിച്ചുള്ള വിവരങ്ങളും സിം കാർഡുകൾ വാങ്ങാനുള്ള ലിങ്കുകളും ലഭിക്കും. വൈദ്യസംബന്ധമായ അടിയന്തിര പ്രശ്നങ്ങൾ, തീപിടുത്തം, മറ്റ് പ്രതിസന്ധിഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിർദ്ദേശങ്ങളും ഈ ക്യു ആർ കോഡ് കാർഡിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നു.
സഞ്ചാരികൾക്ക് ഒരു സഹായം
രാജ്യാന്തര യാത്രകൾ നടത്തുന്ന സഞ്ചാരികൾ പലപ്പോഴും ഭാഷയുടെ കാര്യത്തിലാണ് ബുദ്ധിമുട്ടിലാകുന്നത്. എന്നാൽ, കസാക്കിസ്ഥാനിൽ എത്തുന്ന സഞ്ചാരികൾക്ക് SafeTravel.kz എന്ന വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും വിവിധങ്ങളായ ഭാഷകളിൽ തന്നെ ലഭിക്കുന്നതായിരിക്കും. ഇത് സഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കും.
content highlight: kazakhstan-qr-code-tourist-safety