World

ഒരു പേര് തന്ന പണി ! ബിയര്‍ കമ്പനിയ്ക്ക് പോയത് കോടികള്‍ | The beer company lost crores because of its name

ബി9 ബിവറേജസ് ലിമിറ്റഡ് എന്നതാണ് കമ്പനിയുടെ പുതിയ പേര്

വെറും ഒരു പേര് മൂലം പണികിട്ടിയിരിക്കുന്ന ഒരു കമ്പനിയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ബിറ’ എന്ന ബിയര്‍ നിര്‍മിക്കുന്ന ബി9 ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. പേരില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ കമ്പനിയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 80 കോടിയോളം രൂപയാണ് കമ്പനിയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.എന്നാല്‍ കമ്പനിയുടെ നഷ്ടം അവിടെ നിന്നിട്ടില്ല അത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കമ്പനിയുടെ പേരില്‍ നിന്നും പ്രൈവറ്റ് എന്ന വാക്ക് എടുത്തകളഞ്ഞതായിരുന്നു ആ മാറ്റം. ബിറ എന്ന ബിയര്‍ പ്രശസ്തമാണ്. 2026ല്‍ നടക്കാനിരിക്കുന്ന ഐപിഒയ്ക്ക് മുന്നോടിയായാണ് കമ്പനി പേരില്‍ നിന്ന് പ്രൈവറ്റ് എന്ന വാക്ക് ഒഴിവാക്കിയത്. ബി9 ബിവറേജസ് ലിമിറ്റഡ് എന്നതാണ് കമ്പനിയുടെ പുതിയ പേര്.

ഇതിന് പിന്നാലെ തങ്ങളുടെ ഉത്പ്പന്നങ്ങളിലെല്ലാം പേര് മാറ്റം ചേര്‍ക്കേണ്ടതായി വന്നു. ഉത്പന്നങ്ങളുടെ ലേബല്‍ വീണ്ടും അച്ചടിച്ചതിനാല്‍ കമ്പനിയുടെ വില്‍പ്പന ഏതാനും മാസത്തക്ക് സ്തംഭിച്ചു. ഈ പേര് മാറ്റം കാരണം ഉത്പ്പന്നങ്ങള്‍ നശിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് കമ്പനിയ്ക്ക് 80 കോടിയുടെ ചരക്ക് എഴുതിത്തള്ളേണ്ടി വന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബി9 ബിവറേജസിന് 748 കോടി രൂപയുടെ അറ്റനഷ്ടമാണ് ഉണ്ടായത്. ഈ വര്‍ഷത്തെ നഷ്ടം മൊത്തം വില്‍പ്പനയിലൂടെ ലഭിച്ച 638 കോടി രൂപയും കവിഞ്ഞു. അതേസമയം. സാമ്പത്തിക വര്‍ഷം 2023നെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്.

”പേര് മാറ്റം കാരണം 4 മുതല്‍ ആറ് മാസം വരെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല. ഉത്പന്നത്തിന് ആവശ്യക്കാര്‍ ഉണ്ടായിരുന്നിട്ടും അക്ഷരാര്‍ത്ഥത്തില്‍ വില്‍പ്പനയൊന്നും നടന്നില്ല. ഉത്പന്നത്തിന്റെ ലഭ്യത കുറഞ്ഞുവെങ്കിലും ഡല്‍ഹി എന്‍സിആറിലും ആന്ധ്രാപ്രദേശിലും നയങ്ങളിലും വിപണിയിലേക്കുള്ള പ്രവേശനത്തിലും മാറ്റമുണ്ടായി. ഇത് ഞങ്ങളുടെ ആകെ വില്‍പ്പനയുടെ മൂന്നിലൊന്നിലധികം വരും,” ബി9 ലിമിറ്റഡിന്റെ സ്ഥാപകനായ അങ്കുര്‍ ജെയിന്‍ പറഞ്ഞു.2023 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 90 ലക്ഷമായിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 60 മുതല്‍ 70 ലക്ഷമായി കുറഞ്ഞു. പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയ്ക്ക് 84 കോടി രൂപയുടെ നെഗറ്റീവ് ക്യാഷ് ഫ്ളോയും 1094 കോടി രൂപയുടെ സഞ്ചിത നഷ്ടവും കമ്പനിയുടെ ആസ്തിയെ പൂര്‍ണമായും ഇല്ലാതാക്കി. കമ്പനിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

STORY HIGHLIGHTS:  The beer company lost crores because of its name