മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഇവിടെ മതവിദ്വേഷ കേസുകളിൽ കുറ്റം ആവർത്തിക്കുമ്പോഴും ശിക്ഷ പിഴയിൽ ഒതുങ്ങുകയാണെന്നും കോടതി പറഞ്ഞു. ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മുമ്പും ഇത്തരം കേസുകളിൽ പ്രതിയായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചിട്ടുള്ളയാളാണ് പി.സി.ജോർജ്. എന്നാൽ അദ്ദേഹം കുറ്റം ആവർത്തിക്കുകയാണ്. കോടതി വച്ച ജാമ്യവ്യവസ്ഥകൾക്ക് ഒരു വിലയും നൽകുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഒട്ടേറെ കേസുകളിൽ ഇത്തരം പ്രതികരണമാണ് പി.സി.ജോർജിൽ നിന്ന് ഉണ്ടാകുന്നത് എന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചാൽ അതു പാലിക്കുമെന്ന് എന്ത് ഉറപ്പാണു ഹർജിക്കാരനു നൽകാനാവുന്നതെന്നും സർക്കാർ ചോദിച്ചു.
വിവാദ പരാമർശത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിലയിരുത്തൽ. ചാനൽ ചർച്ചയിൽ അവതാരകൻ പ്രോത്സാഹിപ്പിച്ചതാണ് പി.സി.ജോർജിനെ കുടുക്കിയതെന്നു കോടതി അഭിപ്രായപ്പെട്ടു. എന്നാൽ കോടതിയുടെ അഭിപ്രായത്തിന്റെ പേരിൽ അവതാരകനെ പ്രതിയാക്കരുതെന്നും കോടതി വ്യക്തമാക്കി. പി.സി.ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
STORY HIGHLIGHT: kerala high court