മധ്യപ്രദേശില്‍ ബലാത്സംഗക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി രമേഷ് സിങ് വീണ്ടും മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ഒരാഴ്ചയോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിങ്.
രമേഷ് സിങ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് രമേഷ് സിങ്. 2003-ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. പത്തുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് 2013-ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം അടുത്ത പെണ്‍കുട്ടിയെ ആക്രമിച്ചു. 2014-ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്നും എട്ടുവയസുകാരിയെ രമേഷ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചിരുന്നു. പിടിക്കപ്പെട്ട പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
എന്നാൽ നിയമത്തിലെ പഴുതുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി രമേഷ് സ്വതന്ത്രനായി പുറത്തിറങ്ങി. വീണ്ടും മറ്റൊരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിലേക്കാണ് നയിച്ചത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത പതിനൊന്നുകാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി നടത്തിയ ശക്തമായ അന്വേഷണത്തിൽ ഇയാള്‍ രമേഷ് സിങ്ങാണ് എന്ന് മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ ജയ്പുരിലേക്കുള്ള ട്രെയിനില്‍ വെച്ചാണ് രമേഷ് സിങ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്കാണ് പ്രതി മുങ്ങിയത്. പ്രതി രമേഷ് സിങ് ഇക്കാലയളവില്‍ വേറെയും കുറ്റകൃത്യങ്ങളിലോ പീഡനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുള്ളതായി രാജ്ഗഡ് എസ്.പി. ആദിത്യ മിശ്ര പറഞ്ഞു.
STORY HIGHLIGHT: rapist killed 11 year old girl