കോഴിക്കോട് ജില്ലയില്‍ ഉത്സവങ്ങളില്‍ ഈ മാസം 21 വരെ ആനകളെ എഴുന്നെള്ളിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്. ഒരാനയെ എഴുന്നെള്ളിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രധാന നിര്‍ദേശം.
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ഉത്സവങ്ങളില്‍ ആനയെഴുന്നെള്ളിപ്പ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി ഉത്തരവിറക്കിയിരുന്നത്. ഈ മാസം 21 വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ഇളവ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്.
കൊയിലാണ്ടി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ രണ്ടും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായിരുന്നു. തുടര്‍ച്ചയായി വെടിക്കെട്ട് കേള്‍ക്കേണ്ടിവരുന്നതിന്റെ ആഘാതവും ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട് എന്ന് വനംവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നെള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ വിലക്കും എന്നീ തീരുമാനങ്ങളില്‍ മാറ്റമില്ല.
STORY HIGHLIGHT: kozhikode collector on elephant parading in temples