കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്താൻ പ്രതി ജി. സന്ദീപ് ഉപയോഗിച്ച കത്രിക ആശുപത്രിയിലെ ഡ്രസിങ് മുറിയിൽ ഉപയോഗിക്കുന്നതാണെന്നു സാക്ഷിമൊഴി. നഴ്സിങ് അസിസ്റ്റന്റ് ജയന്തിയാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ മൊഴി നൽകിയത്.
മൊഴിയിൽ നിന്ന്: ‘‘സംഭവ ദിവസം പുലർച്ചെ പൂയപ്പള്ളി പൊലീസാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ കാലിലെ മുറിവുകൾ താൻ വൃത്തിയാക്കി. ആ സമയം അവിടെ ഉണ്ടായിരുന്ന കത്രിക പ്രതി രഹസ്യമായി കൈക്കലാക്കി’’. ഇത്തരം ഉപകരണങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കുന്നതിന് റജിസ്റ്റർ ഉണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായി ജയന്തി കോടതിയെ അറിയിച്ചു.
വന്ദന കൊലചെയ്യപ്പെട്ട സമയത്ത് ആശുപത്രിയിലെ കത്രിക ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ റജിസ്റ്ററിന്റെ പകർപ്പ് സാക്ഷി തിരിച്ചറിഞ്ഞു. ഡോ.വന്ദനയുടെ സാന്നിധ്യത്തിൽ താൻ മുറിവുകൾ പരിശോധിക്കുന്ന സമയം സന്ദീപ് തന്റെയും ഡോക്ടർമാരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നുവെന്നും മൊഴി നൽകി. പ്രതിയെ ആശുപത്രിയിൽ എത്തിച്ച പൂയപ്പള്ളി എസ്ഐ ബേബി മോഹനെയും പൊലീസ് ഡ്രൈവർ ബിജീഷിനെയും പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ വസ്ത്രങ്ങളും ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു. തുടർവിസ്താരം 27 നു നടക്കും. ഇതിനിടെ കേസിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ഫൊറൻസിക് വിദഗ്ധയെ മുൻഗണനാ ക്രമത്തിൽ സ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹർജി കോടതി അനുവദിച്ചു.