തിരുവനന്തപുരം: വ്യവസായ വകുപ്പിനെ പുകഴ്ത്തിയ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ശശി തരൂർ ആവർത്തിച്ചതോടെ അവഗണിക്കാൻ കെപിസിസി നേതൃത്വം. ഇനി തരൂരിന് മറുപടി പറഞ്ഞ് വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. തരൂരിന്റേത് പാർട്ടി നിലപാടല്ലെന്ന് ഹൈക്കമാൻഡ് അടക്കം വിശദീകരിച്ചതിനാൽ ഇനി കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നാണ് കേരള നേതാക്കളുടെ നിലപാട്.
തരൂർ വിവാദ പ്രസ്താവന ആവർത്തിക്കുന്നത് പ്രകോപനപരമാണെന്നും പക്ഷേ അതിൽ ഇനി വീഴേണ്ടതില്ലെന്നുമാണ് മുതിർന്ന നേതാക്കളുടെ നിലപാട്. തരൂരിന്റേത് പാർട്ടി നിലപാട് അല്ലെന്ന് ഇതിനകം അണികൾക്കും പൊതുസമൂഹത്തിനും മനസ്സിലായിട്ടുണ്ടെന്നും കൂടുതൽ പ്രതികരണങ്ങൾക്ക് നിന്നാൽ കാര്യങ്ങൾ വഷളാകുമെന്നുമാണ് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്. പാർട്ടിയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധപ്പെട്ട് തരൂർ ഇന്നലെ നടത്തിയ പ്രസ്താവനയിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
സാധാരണ ഞങ്ങളുടെ പാർട്ടിയിൽ തമ്മിൽ തല്ലുണ്ടാവാറുണ്ടെന്നും എൻ്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായതിൽ സന്തോഷമെന്നുമായിരുന്നു തരൂരിൻ്റ വാക്കുകൾ. ഇത് അങ്ങേയറ്റത്തെ പരിഹാസമാണെന്ന വിലയിരുത്തൽ പല മുതിർന്ന നേതാക്കൾക്കുമുണ്ട്.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തരൂർ പരസ്യപ്രസ്താവനകൾ തുടരുന്നത് ആശയക്കുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്. തരൂരിന്റെ നീക്കങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംസ്ഥാന നേതൃത്വത്തിനും വ്യക്തമല്ല. വിവാദത്തിൽ നിന്നും വഴിമാറി നടന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങാനാണ് കെപിസിസിയുടെ നീക്കം. കോൺഗ്രസിലെ പ്രശ്നങ്ങളിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ട്. അതുകൂടി പരിഗണിച്ച് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.