മാനന്തവാടി: കടുവാ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ ഇന്ന് വനംവകുപ്പിന്റെ മെഗാ തെരച്ചിൽ. തലപ്പുഴ 43ാം മൈൽ, ജോൺസൺകുന്ന്, കമ്പിപ്പാലം, കരിമാനി, പാരിസൺ എസ്റ്റേറ്റിനോട് ചേർന്ന വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ. നാലു സംഘങ്ങളായി തിരിഞ്ഞ് രാവിലെ ഒൻപത് മണിക്കാണ് തെരച്ചിൽ തുടങ്ങുന്നത്. വനാതിർത്തിയിൽ താമസിക്കുന്ന ആളുകളും പൊതു ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി. അടിക്കാടുകൾ നിറഞ്ഞ മേഖലകളിലും എസ്റ്റേറ്റുകളിലും പ്രത്യേക തെരച്ചിൽ നടത്തും.