ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. എതിരാളികള്‍ ബംഗ്ലാദേശ്. നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ഏകദിനത്തില്‍ 2011ലെ ലോക കിരീടത്തിനും 2013ലെ ചാംപ്യന്‍സ് ട്രോഫിക്കും ശേഷം മറ്റൊരു ഐസിസി കിരീടം നേടിയിട്ടില്ല. മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ആ കുറവ് നികത്തുകയാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായിലാണ് അരങ്ങേറുന്നത്. 2017ല്‍ അവസാന നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ചിരവൈരികളാണ് പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.
രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകും ചാംപ്യന്‍സ് ട്രോഫി എന്നാണ് വിലയിരുത്തപ്പെടുന്നത്. കിരീടം നേടി ക്യാപ്റ്റനു വീരോചിത യാത്രയയപ്പ് നല്‍കാന്‍ സഹ താരങ്ങള്‍ ഉത്സാഹിക്കുമെന്നു ഉറപ്പ്.
ഇംഗ്ലണ്ടിനെ വീഴ്ത്തി
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 2023 ലോകകപ്പിനു ശേഷം ഇന്ത്യ 9 ഏകദിനങ്ങളാണ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ച സംഘത്തിനു പ്ലെയിങ് ഇലവനില്‍ നിര്‍ണായക പങ്കാളിത്തമുണ്ടാകും.
കിവികള്‍ തകര്‍ത്തടിച്ചു, പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു! ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന പോരില്‍ ആതിഥേയര്‍ക്ക് ദയനീയ തോല്‍വി
ഓപ്പണിങില്‍ രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യമായിരിക്കും. പിന്നാലെ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും ഇറങ്ങുക. വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലായിരിക്കും. സ്പിന്നര്‍മാരായി അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, പേസര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരും പ്ലെയിങ് ഇലവനിലുണ്ടാകും. മൂവരും ഓള്‍ റൗണ്ടര്‍മാരാണെന്നതും ബോണസാമ്. ദുബായ് പിച്ച് സ്പിന്നിനു അനുകൂലമായതിനായി ഒരുപക്ഷേ വരുണ്‍ ചക്രവര്‍ത്തിക്കും സാധ്യതയുണ്ട്.
ജസ്പ്രിത് ബുംറ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ മുഹമ്മദ് ഷമിയായിരിക്കും പ്രധാന പേസര്‍. മറ്റൊരു പേസര്‍ ആരായിരിക്കും എന്നത് ആകാംക്ഷ നിറയ്ക്കുന്നതാണ്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരില്‍ ഒരാള്‍ക്കു നറുക്കു വീണേക്കും.
ബംഗ്ലാദേശും മോശമല്ല. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ക്യാപ്റ്റന്‍. സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, തന്‍സിദ് ഹസന്‍ മിറാസ്, മസ്താഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമദ് എന്നിവരെല്ലാം പരിചയ സമ്പന്നരാണ്. തങ്ങളുടേതായ ദിവസം എത് കൊല കൊമ്പനേയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള സംഘമാണ്.
Content highlight: Champions trophy