World

സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയെന്ന് ട്രംപ്

മയാമി: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.

‘‘സെലെന്‍സ്‌കി യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലൻസ്കി മിടുക്ക് കാണിച്ചത്. എന്നാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.’’ ഡോണൾഡ് ട്രംപ് പറഞ്ഞു.

റഷ്യയെ പ്രതിരോധിക്കാനായി യുക്രെയ്നു യുഎസ് ധനസഹായവും ആയുധങ്ങളും നൽകിയിരുന്നു. യുദ്ധകാല സഹായത്തിനു പകരമായി യുക്രെയ്നിന്റെ പകുതി ധാതുവിഭവങ്ങൾ (50,000 കോടി ഡോളർ) നൽകണമെന്നായിരുന്നു യുഎസ് ആവശ്യം. എന്നാൽ ട്രംപ് അധികാരത്തിൽ വന്നശേഷം ഈ നിലപാടിൽ മാറ്റംവരുത്തി. 3 വർഷത്തിനിടെ യുക്രെയ്നിനു 6,700 കോടി ഡോളറിന്റെ ആയുധങ്ങളും 3,100 കോടി ഡോളർ പണമായും യുഎസ് നൽകി. ഇതിനു പകരമായാണു യുക്രെയ്നിലെ 50 ശതമാനം ധാതുവിഭവങ്ങളുടെ (സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ) ഉടസ്ഥാവകാശം യുഎസ് ആവശ്യപ്പെടുന്നത്.

ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനായി ഒരുഭാഗത്ത് ട്രംപ് റഷ്യയുമായി ചർച്ചകളും തുടങ്ങി. യുദ്ധത്തിനുപോകാതെ റഷ്യയുമായി യുക്രെയ്ൻ ധാരണയുണ്ടാക്കണമായിരുന്നു എന്നാണു ട്രംപിന്റെ നിലപാട്. 2019ൽ യുക്രെയ്നിൽ അധികാരത്തിലെത്തിയ സെലെന്‍സ്‌കി കാലാവധി അവസാനിക്കുന്നതിനു മുൻപ് റഷ്യന്‍ സംഘർഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് ഭരണത്തില്‍ തുടരുകയായിരുന്നു.