2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്ത മാസം 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന മത്സരത്തോടെയാണ് ഐപിഎൽ 2025 ആരംഭിക്കുക. മലയാളി ആരാധകരുടെ പ്രിയ ടീമുകളിൽ ഒന്നായ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം 24 ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് ഇക്കുറി കിരീടത്തിൽക്കുറഞ്ഞ ഒന്നും ലക്ഷ്യം വെക്കുന്നില്ല.
2008 ൽ ഷെയിൻ വോണിന് കീഴിൽ കിരീടം ഉയർത്തിയ റോയൽസ് സഞ്ജുവിന് കീഴിൽ വീണ്ടും ആ നേട്ടം ആവർത്തിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് സീസണ് തയ്യാറെടുക്കുന്നത്. 2022 ൽ ഫൈനലിൽ എത്തിയ അവർ 2024 ൽ പ്ലേ ഓഫിൽ കടന്നിരുന്നു. അതേ സമയം ഐപിഎൽ മെഗാ ലേലം കഴിഞ്ഞതോടെ വമ്പൻ അഴിച്ചുപണിയാണ് രാജസ്ഥാൻ റോയൽസിൽ വന്നത്. ടീമിന്റെ പ്രധാന കരുത്ത് ഇന്ത്യൻ താരങ്ങളായി മാറി എന്നതും ശ്രദ്ധേയം.
ഐപിഎൽ 2025 സീസണിന് ഒരുങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ സർപ്രൈസ് പാക്കേജുകളാകാൻ സാധ്യതയുള്ള നാല് ഇന്ത്യൻ അഭ്യന്തര താരങ്ങളെ നോക്കാം. ഇതിൽ മൂന്ന് പേരും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം പോലും കുറിച്ചിട്ടില്ലെങ്കിലും ക്യാപ്റ്റൻ സഞ്ജുവിന്റെ വജ്രായുധമാകാൻ മികവുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.
ശുഭം ദുബെ: വിദർഭ താരമായ ശുഭം ദുബെ മുൻ സീസണുകളിലും രാജസ്ഥാൻ റോയൽസിലുണ്ടായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ ഈ താരം മികച്ച ഫിനിഷറാണ്. വരും സീസണിൽ ടീമിന്റെ ഇമ്പാക്ട് സബായി ബാറ്റിങ്ങിലെത്താൻ ഏറ്റവുമധികം സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. ടി20 ക്രിക്കറ്റിൽ 38.35 ബാറ്റിങ് ശരാശരിയും 152.69 സ്ട്രൈക്ക് റേറ്റുമുള്ള ദുബെ, 26 ഇന്നിങ്സിൽ 652 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നാല് കളികളിൽ നിന്ന് 181 സ്ട്രൈക്ക് റേറ്റിൽ ദുബെ 144 റൺസ് നേടിയിരുന്നു.
കുമാർ കാർത്തികേയ: അഭ്യന്തര സീസണിൽ ഇത്തവണ മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് കുമാർ കാർത്തികേയ. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 കളികളിൽ നിന്ന് 17 വിക്കറ്റുകളാണ് ഈ മധ്യപ്രദേശ് താരം പിഴുതത്. 7.63 ആയിരുന്നു എക്കോണമി. വിജയ് ഹസാരെ ട്രോഫിയിലും ഉജ്ജ്വലമായി പന്തെറിഞ്ഞ ഈ സ്പിന്നറിൽ വരും സീസണിൽ റോയൽസിന് വലിയ പ്രതീക്ഷകളാണുള്ളത്.
ആകാശ് മധ്വാൽ: 2023 സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി എട്ട് കളികളിൽ 13 വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ആകാശ് മധ്വാൽ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. സമീപകാലത്ത് അഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനായി മികച്ച ഫോമിലാണ് താരം. ബൗളിങ്ങിൽ സഞ്ജു സാംസണിന്റെ പ്രധാന ആയുധങ്ങളിൽ ഒന്നായി മധ്വാൽ മാറിയാൽ അദ്ഭുതപ്പെടേണ്ട.
തുഷാർ ദേഷ്പാണ്ടെ: 2025 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പേസർമാരിൽ ഒരാളായിരിക്കും തുഷാർ ദേഷ്പാണ്ടെ. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്ന് 6.5 കോടി രൂപക്കാണ് ഈ താരത്തെ റോയൽസ് സ്വന്തമാക്കിയത്. മുൻ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അദ്ദേഹം. 2023 ൽ 21 വിക്കറ്റുകളും, 2024 ൽ 17 വിക്കറ്റുകളും ദേഷ്പാണ്ടെ വീഴ്ത്തി. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലെങ്കിലും മികച്ച വിക്കറ്റ് നേട്ടക്കാരനായതിനാൽ അദ്ദേഹം റോയൽസിന് മുതൽക്കൂട്ടായേക്കും.
content highlight: IPL Rajastan Royals