കറാച്ചി: ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന പോരാട്ടത്തില്‍ സ്വന്തം മണ്ണില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യ പോരില്‍ ന്യൂസിലന്‍ഡ് 60 റണ്‍സിനു അവരെ വീഴ്ത്തി. തോല്‍വിയോടെ അവരുടെ സെമി സാധ്യതകളും തുലാസിലായി.
സ്വന്തം മണ്ണില്‍ ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഐസിസി പോരാട്ടത്തിനു പാകിസ്ഥാന്‍ വേദിയൊരുക്കുന്നത്. എന്നാല്‍ ആദ്യ പോരാട്ടം തന്നെ അവര്‍ക്ക് നാണക്കേടിന്റെ അധ്യായമായി. ഇനി രണ്ട് മത്സരങ്ങളാണ് ഗ്രൂപ്പില്‍ അവശേഷിക്കുന്നത്. അതില്‍ ഒന്ന് ചിരവൈരികളായ ഇന്ത്യയുമായണ്. നാളെ ദുബായില്‍ നടക്കുന്ന പോരില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പരിഹാരമാവില്ല. തോറ്റാല്‍ അവരുടെ പ്രതീക്ഷകളും അവസാനിക്കും. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാലും സാധ്യതകള്‍ കുറവായിരിക്കും.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ അമിത പ്രതിരോധത്തിലൂന്നിയാണ് സ്‌കോര്‍ പിന്തുടര്‍ന്നത്. ഇത് അവരുടെ തോല്‍വിയുടെ ആക്കം കൂട്ടുന്നതായി മാറി. പ്രത്യേകിച്ച് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തെടുത്ത കളി ഒരര്‍ഥത്തില്‍ അവരെ വെട്ടിലാക്കുന്നതായി മാറി. 90 പന്തുകള്‍ പ്രതിരോധിച്ച് 64 റണ്‍സാണ് താരം കണ്ടെത്തിയത്.
content highlight: Champions Trophy