ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി. ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു രേഖയുടെ മുൻഗാമികളായി അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാർ.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലായിരുന്നു തീരുമാനം.പർവേശ് വർമയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്.
ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് 29,595 വോട്ടിൻറെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്.
അരവിന്ദ് കെജ്‌രിവാളിനെ മുട്ടുകുത്തിച്ച പർവേശ് ശർമയെ ഉപമുഖ്യമന്ത്രിയായും നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തിരുന്നു. രേവിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തിരഞ്ഞെടുത്തിരുന്നു.