Kerala

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: മൂന്ന് വിദ്യാർഥികളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയായി, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആദിക, വേണിക, സുധന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും.

തേനി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കെവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഇന്ന് ആശുപത്രി വിടും. ആവശ്യാനുസരണം യാത്ര സൗകര്യം ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കും.

അപകടമുണ്ടായ ബസ് ഓടിച്ച ഡ്രൈവര്‍ വിനേഷിന്റെ അറസ്റ്റ് മൂന്നാര്‍ പൊലീസ് രേഖപ്പെടുത്തി. ബസ് അപകടം ഉണ്ടാകാന്‍ കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും ആണെന്നാണ് കണ്ടെത്തല്‍.

അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് അപകടത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിക്കും.