Automobile

ഗ്രാൻഡ് വിറ്റാര 7 സീറ്റ് മോഡൽ വരുന്നു; പരീക്ഷണയോട്ടം വിജയം | Grand Vitara 7 seat model

ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ ടെസ്റ്റ് റൈഡിനിടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു

ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ ടെസ്റ്റ് റൈഡിനിടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. രൂപകല്‍പനയിലേയും ഫീച്ചറുകളിലേയും പുതുമയും സവിശേഷതയും പരമാവധി പുറത്താവാതിരിക്കാന്‍ സ്റ്റിക്കറുകള്‍കൊണ്ട് മറച്ചാണ് ടെസ്റ്റ് റണ്‍ നടത്തിയത്. 2025ന്റെ രണ്ടാം പാതിയില്‍ ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ പുറത്തിറക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം.

മൂന്നു നിര വാഹനമായെത്തുന്ന 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരക്കൊപ്പം പരീക്ഷണ ഓട്ടത്തിനിടെ ഇ വിറ്റാരയും ഉണ്ടായിരുന്നു. Y17 എന്നാണ് ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന് മാരുതി സുസുക്കി കോഡ്‌നെയിം ചെയ്തിരിക്കുന്നത്. പുറത്തു വന്ന ചിത്രങ്ങളില്‍ നിന്നും ഡിസൈനും ഫീച്ചറുകളും സംബന്ധിച്ച പല സൂചനകളും ലഭിക്കുന്നുമുണ്ട്. ഇവി6നെ ഓര്‍മിപ്പിക്കുന്ന എല്‍ഇഡി ടെയില്‍ ലൈറ്റുകളും ടെയില്‍ ലൈറ്റില്‍ കണക്ടഡ് ലൈറ്റ്ബാറുമാണ് ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിലുള്ളത്.

പുതിയ ഹെഡ് ലാംപ്, ഗ്രില്‍ എന്നിവക്കൊപ്പം മുന്നിലേയും പിന്നിലേയും ബംപറുകളിലും ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയില്‍സ് എന്നിവയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്റീരിയറിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പുതിയ ഡാഷ്‌ബോര്‍ഡും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിലുണ്ടാവുമെന്ന് കരുതുന്നു. പുതിയ അലോയ് വീലുകളാണ്. കൂടുതല്‍ നീണ്ട പിന്നിലെ ഓവര്‍ഹാങ്, വലിപ്പം കൂടിയ റിയര്‍ ഫെന്‍ഡറുകളും സി പില്ലറുകളും എന്നിവയും കാണാനാവും.

1.5 ലീറ്റര്‍ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ മാറ്റത്തിന് സാധ്യതയില്ല. 7 സീറ്ററിനൊപ്പം കൂടുതല്‍ വിശാലമായ 6 സീറ്റര്‍ ലേ ഔട്ടിലും ഗ്രാന്‍ഡ് വിറ്റാരയെ മാരുതി സുസുക്കി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ ഖാര്‍കോഡ പ്ലാന്റില്‍ ആദ്യം നിര്‍മിക്കുന്ന വാഹനമായിരിക്കും ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍. മാരുതി സുസുക്കി മോഡലുകളില്‍ ഇന്‍വിക്‌റ്റോക്ക് താഴെ നില്‍കുന്ന ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍, മഹീന്ദ്ര എക്‌സ്‌യുവി 700, ടാറ്റ സഫാരി, കിയ കാരന്‍സ്, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുമായിട്ടാവും മത്സരിക്കുക.

content highlight: Grand Vitara 7 seat model