Travel

മൂന്നാറിലെ KSRTC റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് സൂപ്പർ ഹിറ്റ്; ബുക്കിംഗ് എങ്ങനെ ?| munnar-ksrtc-double-decker-bus

യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ പൂര്‍ണമായും സുതാര്യമായ പാർശ്വഭാഗങ്ങളോടെയാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്

ഇടുക്കി: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ഹിറ്റാകുന്നു. സര്‍വീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളില്‍ 869 പേരാണ് ബസില്‍ യാത്രചെയ്തത്. 2,99,200 രൂപയാണ് ഇതുവരെ ലഭിച്ച വരുമാനം.

യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ പൂര്‍ണമായും സുതാര്യമായ പാർശ്വഭാഗങ്ങളോടെയാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. ലോവര്‍ സീറ്ററില്‍ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പര്‍ സീറ്റില്‍ 38 പേര്‍ക്ക് യാത്രചെയ്യാം. ഒരു ട്രിപ്പില്‍ പരമാവധി 50 പേര്‍ക്ക് യാത്രചെയ്യാനാകും. ലോവര്‍ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പര്‍ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണുള്ളത്. രാവിലെ 9-ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍വഴി ഉച്ചക്ക് 12-ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്. തുടര്‍ന്ന് 12.30-ന് പുറപ്പെട്ട് 3.30-ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് 4-ന് ആരംഭിച്ച് രാത്രി 7-ന് തിരികെയെത്തും.

മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈര്‍ഘ്യം. മുന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാര്‍ട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ആനയിറങ്കല്‍ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലും onlineksrtcswift.com ലും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

നിലവില്‍ വിദേശ വിനോദസഞ്ചാരികളാണ് ഡബിള്‍ ഡക്കര്‍ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്. വേനലവധിയാകുന്നതോടെ തദ്ദേശീയരുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.

content highlight: munnar-ksrtc-double-decker-bus