ആലപ്പുഴ: കായലിലും കടലിലും ഒരേസമയം സാഹസിക ടൂറിസത്തിന്റെ കാഴ്ചകളും അനുഭവവുമൊരുക്കാൻ ജില്ല തയ്യാറെടുക്കുന്നു. ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് പുരവഞ്ചി സഞ്ചാരത്തിനപ്പുറം ആലപ്പുഴയെ സാഹസിക ടൂറിസംകേന്ദ്രമാക്കാൻ ശ്രമം നടക്കുന്നത്. ആദ്യം ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദോപാധികൾ ആരംഭിക്കും. കടൽസഞ്ചാരത്തിനായി രണ്ടു സ്പീഡ് ബോട്ടുകളെത്തിച്ചിട്ടുണ്ട്. ചെറുയാത്രാബോട്ടുകളും വരുംദിവസങ്ങളിൽ കടലിലിറങ്ങും. തീരത്തെ മണ്ണിലോടുന്ന സാഹസിക വാഹനങ്ങളുമുണ്ടാകും. ബോട്ടുകളുടെ പരിശീലന ഓട്ടം പൂർത്തിയായി. 17-ന് കേരള സാഹസ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സുരക്ഷാ പരിശോധനയുണ്ടാകും. ഇവരാണ് അന്തിമാനുമതി നൽകുന്നത്. ഇതു കഴിഞ്ഞാലുടൻ ഇവിടെ സഞ്ചാരികൾക്കായി ബോട്ട് യാത്ര ആരംഭിക്കും.
കൈനകരി വട്ടക്കായൽ ടെർമിനലിൽ വാട്ടർ ബൈക്കും ബോട്ട് സഞ്ചാരവുമൊരുങ്ങും.
കായൽ സാഹസിക വിനോദങ്ങളെത്തുമ്പോൾ സഞ്ചാരികളേറെ എത്തുമെന്നാണു പ്രതീക്ഷ. പോണ്ടൂൺ ആഡംബര ബോട്ടാണ് വട്ടക്കായലിലെ പ്രധാന ആകർഷണം. ബോട്ട് ആലപ്പുഴയിലേക്ക് എത്തിച്ചുകഴിഞ്ഞു. കുടാതെ, മറ്റു ബോട്ടുകളും ഇവിടെയുണ്ടാകും.
നിലവിൽ ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് പുരവഞ്ചിസഞ്ചാരം കഴിഞ്ഞാൽ മറ്റു വിനോദങ്ങൾ പരിമിതമാണ്. ബീച്ചിലൊന്നു കറങ്ങി ലൈറ്റ് ഹൗസ് കൂടി കണ്ടിറങ്ങിയാൽ ആലപ്പുഴക്കാഴ്ചകൾ അവസാനിച്ച മട്ടാണ്.
പുതിയ പരിപാടികൾ വരുന്നതോടെ കൂടുതൽപേർ ആലപ്പുഴയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. മുൻപ് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബീച്ചിൽനിന്നു പാരാഗ്ലൈഡിങ്ങുൾപ്പെടെ നടത്തിയപ്പോൾ വലിയ രീതിയിൽ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം വരുമാനത്തിൽ വർധന നേടാനും സാധിച്ചിരുന്നു. 2022-ൽ കടലിലേക്കിറങ്ങിച്ചെന്നു കടൽ കാണാൻ കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി തുടങ്ങാൻ സാധനങ്ങളെത്തിച്ചെങ്കിലും വിവാദത്തെത്തുടർന്ന് ഉപേക്ഷിച്ചു.
content highlight: adventure-tourism-in-alappuzha