രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ലീഡിനായി പൊരുതി ഗുജറാത്ത് . രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ഗുജറാത്ത് നാലാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 429 റൺസെന്ന നിലയിലാണ്. കേരളത്തിൻ്റ് ആദ്യ ഇന്നിങ്സ് ലീഡ് മറികടന്ന് ലീഡ് നേടാൻ ഗുജറാത്തിന് 29 റൺസ് കൂടി മതി. ഒരു വിക്കറ്റിന് 221 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന് 33 റൺസെടുത്ത മനൻ ഹിങ് രാജിയയുടെ വിക്കറ്റ് ഉടൻ തന്നെ നഷ്ടമായി. ജലജ് സക്സേനയ്ക്കായിരുന്നു വിക്കറ്റ്.
ഉച്ച ഭക്ഷണത്തിന് മുൻപെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് പ്രതീക്ഷ നല്കി. സെഞ്ച്വറി നേടിയ പ്രിയങ്ക പാഞ്ചലിനേയും ഉർവ്വിൽ പട്ടേലിനെയും ജലജ സക്സേന തന്നെയായിരുന്നു മടക്കിയത്. പ്രിയങ്ക പാഞ്ചൽ 148 റൺസും ഉർവ്വിൽ പട്ടേൽ 25 റൺസും നേടി. ന്യൂബോളെടുത്ത് തുടക്കത്തിൽ തന്നെ ഹേമങ് പട്ടേലും മടങ്ങി. നിധീഷിൻ്റെ പന്തിൽ ഷോൺ റോജർ പിടിച്ചാണ് 27 റൺസെടുത്ത ഹേമങ് പുറത്തായത്.
ഉച്ചഭക്ഷണത്തിന് ശേഷം തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം പിടിമുറുക്കിയെങ്കിലും തുടർന്നെത്തിയ കൂട്ടുകെട്ട് ഗുജറാത്തിനെ കരകയറ്റി. ചിന്തൻ ഗജയെ ജലജ് സക്സേനയും വിശാൽ ജയ്സ്വാളിനെ ആദിത്യ സർവാടെയുമായിരുന്നു പുറത്താക്കിയത്. എന്നാൽ എട്ടാം വിക്കറ്റിൽ ജയ്മീത് പട്ടേലും സിദ്ദാർത്ഥ് ദേശായിയും ചേർന്ന കൂട്ടുകെട്ട് 72 റൺസുമായി ബാറ്റിങ് തുടരുകയാണ്. ഇടയ്ക്ക് സിദ്ദാർഥിൻ്റെ ക്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി.
ജയ്മീത് 74ഉം സിദ്ദാർഥ് 24ഉം റൺസുമായാണ് ബാറ്റിങ് തുടരുന്നത്. കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റ് നേടിയപ്പോൾ നിധീഷ്, ബേസിൽ, ആദിത്യ സർവാടെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അവസാന ദിവസത്തെ കളി ബാക്കിയിരിക്കെ ലീഡ് നേടാൻ അനുവദിക്കാതെ ഗുജറാത്തിനെ പുറത്താക്കാനായാൽ മാത്രമാണ് കേരളത്തിന് പ്രതീക്ഷയുള്ളത്.
CONTENT HIGH LIGHTS;Ranji Trophy: Semis, Kerala-Gujarat clash to exciting finish