ലോകത്ത് ധാരാളം ആളുകൾ ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ. ഏറ്റവും അധികം ആളുകളുടെ ജീവനുകളെ കവർന്നെടുക്കുന്ന ഒന്നാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. നെഞ്ച് വേദനയാണ് ഹാർട്ട് അറ്റാക്കിൻറെ ലക്ഷണം. എന്നാൽ സമാന ലക്ഷണങ്ങളോടെയുള്ള പാനിക് അറ്റാക്ക് എന്ന സ്ഥിതിവിശേഷം ചിലർക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത് ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള തുടക്കമായാണ് ആരോഗ്യവിദഗ്ധർ പാനിക് അറ്റാക്കിനെ കണക്കാക്കുന്നത്.
ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളിൽ എത്തുമ്പോഴോ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി ഉണ്ടാവുക, അമിതമായി വിയർക്കുക, റിലേഷൻഷിപ്പിലെ പ്രശ്‌നങ്ങൾ മൂലമുള്ള തിരിച്ചറിയാനാവാത്ത ശാരീരിക അസ്വസ്ഥത,ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ ബുദ്ധിമുട്ട്,വിറയൽ, ശ്വാസംമുട്ടൽ ഇങ്ങനെയൊരു അവസ്ഥ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം,നിങ്ങൾ ചിലപ്പോൾ കടന്നുപോകുന്നത് പാനിക് അറ്റാക്ക് എന്ന അവസ്ഥയിലൂടെയായിരിക്കാം. ഒരാളില്‍ ആദ്യമായി ഈ അറ്റാക്ക് ഉണ്ടാവുന്നത് മാനസിക-ശാരീരിക പ്രശ്‌നങ്ങളുടേയോ ചിന്തകളുടേയോ ഫലമായിട്ടാവാം. ആദ്യം ഉണ്ടായത് പിന്നീടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഭയവും പിന്നീടുള്ള പാനിക്ക് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഏതാനും മണിക്കൂറുകളോ ചിലപ്പോൾ മിനിട്ടുകൾ മാത്രമോ ആണ് ഈ അവസ്ഥ നിലനിൽക്കുക. ഓർമ നഷ്ടപ്പെടുക, ഉടൻ മരിക്കുമെന്ന തോന്നൽ, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നൽ, ശരീരം വിയർക്കൽ, കൈകാൽ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടൽ, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.
പാനിക് അറ്റാക്ക് സംഭവിക്കുമ്പോൾ വളരെയധികം അസ്വസ്ഥത തോന്നുമെങ്കിലും നിമിഷങ്ങൾക്കകം അത് അവസാനിക്കുമെന്ന് മനസ്സിലാക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കാനും അതിനെ നേരിടാനുള്ള മാനസിക ശക്തി ആർജ്ജിക്കാനും ഈ അറിവ് സഹായിക്കും. ഉത്കണ്ഠ വർദ്ധിക്കുമ്പോൾ ആഴം കുറഞ്ഞതും വേഗത്തിലുള്ളതുമായ ശ്വസനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഈ സമയത്ത് നാല് സെക്കൻഡ് മൂക്കിലൂടെ ശ്വസിക്കുകയും എട്ട് സെക്കൻഡ് വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ശ്വസന വ്യായാമങ്ങൾ സഹായകരമാണ്. കാരണം അവ മനസ്സിനെ നിങ്ങളുടെ ആശങ്കാകുലമായ ചിന്തകളിൽ നിന്ന് അകറ്റുന്നു.
ഗ്രൗണ്ടിംഗ് ടെക്നിക്ക് – 54321, നിങ്ങൾക്ക് കാണാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ, കേൾക്കാൻ കഴിയുന്ന നാല് കാര്യങ്ങൾ, സ്പർശിക്കാൻ കഴിയുന്ന മൂന്ന് കാര്യങ്ങൾ, ഗന്ധമറിയാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ, നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു കാര്യം എന്നിങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുക.നിയന്ത്രണം വിറ്റുപോകുമോ, മാനസിക നില കൈവിട്ടുപോകുകയാണോ എന്ന ഭയം, മരിക്കാൻ പോകുകയാണോ, ഹാർട്ട് അറ്റാക്ക് ആണോ എന്ന പേടി, ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാക്കാൻ കഴിയാതെ വരുക ,സ്വയം ഇല്ലാതെയാകുന്നപോലെ അനുഭവപ്പെടുന്ന അവസ്ഥ, എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പാനിക് അറ്റാക്ക് മാറ്റിയെടുക്കാൻ കഴിയും.
STORY HIGHLIGHTS : panic-attacks-are-not-that-trivial