തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും വി.ഡി. സതീശൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംവാദത്തിന് തയാറാണെന്ന് പറഞ്ഞത്.
താന്‍ ഇന്നുവരെ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ല. പണ്ട് തോമസ് ഐസക്കും സംവാദത്തിന് പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്‌സൈസ് മന്ത്രി തീരുമാനിക്കട്ടെ എന്നും വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.ബി. രാജേഷ് സംവാദത്തിന് ക്ഷണിച്ചു. സംവാദം രാജേഷിനെ തോൽപ്പിച്ച വി.കെ. ശ്രീകണ്ഠനുമായി നടത്തുന്നതാണ് നല്ലത്. രാജേഷിന് അനുയോജ്യൻ വി.കെ. ശ്രീകണ്ഠനാണ്, പാലക്കാട്ടുക്കാർക്കും അതാണ് ഇഷ്ടം. വി.കെ. ശ്രീകണ്ഠനെ രാജേഷിന് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു.
എലപ്പുള്ളി മദ്യനിർമാണശാല കൊണ്ടു വരുന്നതിനുള്ള ഇടതുമുന്നണി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. ബ്രൂവറിക്കെതിരെ സി.പി.ഐയും ആർ.ജെ.ഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് യോഗത്തിൽ ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന’ രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടതു കൊണ്ടാണോ സി.പി.ഐയും ആർ.ജെ.ഡിയും നിലപാട് മാറ്റിയതെന്ന് സംശയിക്കുന്നു. ഒയാസിസിന്‍റെ പി.ആർ.ഒയെ പോലെയാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നത്. മദ്യക്കമ്പനി കൊണ്ടുവരാൻ എന്തൊരു വാശിയാണ് മന്ത്രിക്ക്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. മന്ത്രിസഭയെ പൂർണമായി ഹൈജാക്ക് ചെയ്താണ് മദ്യനയം മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫ് യോഗം ചേർന്ന് ബ്രൂവറിക്കെതിരായ കാര്യങ്ങൾ ചർച്ച ചെയ്യും. കോടികൾ ചെലവിട്ട് ഏക്കർ കണക്കിന് സ്ഥലത്ത് നിർമിച്ച പദ്ധതിയാണ് അഹല്യയിലെ മഴവെള്ള സംഭരണി. അതിൽ ഇതുവരെ പൂർണമായി വെള്ളം നിറഞ്ഞിട്ടില്ലെന്നാണ് ലഭിച്ച വിവരം. അവിടത്തേക്കാൾ വെള്ളം മദ്യനിർമാണ കമ്പനിക്ക് വേണം. സംസ്ഥാനത്തെ മറ്റ് ജനകീയ വിഷയങ്ങൾ സർക്കാർ കാണുന്നില്ല. മദ്യക്കമ്പനിയാണ് ഏറ്റവും വലിയ പ്രശ്നം എന്നുകരുതുന്ന മന്ത്രിക്ക് അവാർഡ് കൊടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
content highlight: -public-debate-to-chief-minister-pinarayi-vijayan-vd-satheesan