ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രാന്തർ കേബിൾ ശൃംഖല പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയുടെ പേര് ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ. 50,000 കിലോമീറ്റർ നീളത്തിലാണ് ഈ കേബിൾ ശൃംഖല വിന്യസിക്കപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിൻറെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുള്ള പ്രൊജക്ട് വാട്ടർവർത്ത് കേബിൾ ശൃംഖല ഇന്ത്യ, യുഎസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സുപ്രധാന രാജ്യങ്ങളിലൂടെ കടന്നുപോകും. പ്രൊജക്ട് വാട്ടർവർത്ത് പൂർത്തിയാവുന്നതോടെ സമുദ്രാന്തർ കേബിളുകൾ വഴി ഇന്ത്യയും അമേരിക്കയും ബന്ധിപ്പിക്കപ്പെടും. 2039ഓടെ ‘പ്രൊജക്ട് വാട്ടർവർത്ത്’ പൂർത്തിയാക്കാനാണ് മെറ്റയുടെ ആലോചന. ഇതിനായി ബില്യണുകളുടെ നിക്ഷേപമാണ് മെറ്റ നടത്തിയിരിക്കുന്നത്.കരാറിൻറെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ വാട്ടർവർത്ത് കേബിളുകൾ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനും അറ്റകുറ്റപ്പണി അടക്കമുള്ള ജോലികളിലും ഇന്ത്യ സഹകരിക്കും.
ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര കേബിൾ ശൃംഖലയായിരിക്കും മെറ്റയുടേത്. നിലവിലുള്ള കേബിൾ ശൃംഖലകളെക്കാൾ ഇവയുടെ ശേഷി ഉയർന്നതാകുമെന്നും മെറ്റ അവകാശപ്പെടുന്നുണ്ട്.കപ്പലുകൾ പോകുമ്പോൾ മറ്റും കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട്, അത്തരത്തിൽ ഉണ്ടാകാതിരിക്കാനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുകയെന്നാണ് കമ്പനി പറയുന്നത്. ടെലികോം മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒപ്പം ഡാറ്റാ ട്രാഫിക് മേഖലയിലും കുതിച്ചുചാട്ടത്തിന് പദ്ധതി വഴിതുറക്കും.
STORY HIGHLIGHTS: cable-longer-than-earth-meta-to-connect-india