കൊച്ചി കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും കുടുബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടർന്ന് പൊലീസ്. ഇവർ താമസിച്ചിരുന്ന കസ്റ്റംസിന്റെ ക്വാർട്ടേഴ്സ് പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. വീടിൻ്റെ അടുക്കള ഭാഗത്ത് പേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയെങ്കിലും ഇതിൽ മരണ കാരണം ഇല്ല. ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് ഉള്ളത്. മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ആത്മഹത്യ എന്ന സൂചനയാണ് ഉള്ളത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), അമ്മ ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനെയും ശാലിനിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയിരുന്നു. തൊട്ടരികില്‍ കുടുംബ ഫോട്ടോയും വെച്ചിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പുഴുവരിച്ചിരുന്നു.
മൃതദേഹങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ദിവസം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകണമെന്ന് പറഞ്ഞാണ് മനീഷ് ലീവിന് അപേക്ഷിച്ചതെന്ന് നേരത്തേ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.