രാജ്യത്തെ ലോക്കോ പൈലറ്റുമാരുടെ 36 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും അനധികൃതമായി ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുമാണ് ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ ഇന്നലെ രാവിലെ 8 മുതല്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് രാത്രി 8 മണിക്ക് അവസാനിക്കും.
ജോലി സമയം ഗുഡ്സില്‍ 8 മണിക്കൂറായും യാത്രാട്രെയിനുകളില്‍ ആറു മണിക്കൂറുമാക്കുക, പ്രതിവാര വിശ്രമത്തോടൊപ്പം ട്രിപ്പ് റസ്റ്റും അനുവദിക്കുക, ട്രെയിനിങ് സമയം വര്‍ധിപ്പിക്കുക, പ്രാഥമികാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും സമയം അനുവദിക്കുക, വനിതാജീവനക്കാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
പാലക്കാട് ഡി.ആര്‍.എം. ഓഫീസിനു മുന്നിലാണ് ആള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാണ് സമരം.