48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് പിടിയിലായത്.
അനസിനേയും റിയയേയും കമലേശ്വരത്ത് നിന്നാണ് പിടികൂടിയത്. പാരൂർക്കുഴിയിലെ വാടക വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വിശാഖപട്ടണത്തിൽ നിന്നും കൊണ്ടു വന്ന് കമലേശ്വരത്ത് വിൽപ്പന നടത്താനായിരുന്നു പദ്ധതി. എന്നാൽ, നഗരത്തിൽ ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ നടക്കുന്നതിനാൽ കമലേശ്വരത്തേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല. തുടർന്നാണ് പാരൂർക്കുഴിയിലെ റഫീക്കിന്‍റെ വാടക വീട്ടിലെത്തിച്ചത്. 10 ലക്ഷത്തിൽ കൂടുതൽ വില വരുന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ഷാഡോ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളെയും, സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിവന്നിരുന്നുയന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
















