India

സ്റ്റോപ്പിനെ ചൊല്ലി തർക്കം; 19കാരൻ മൂന്ന് യാത്രക്കാരെ കുത്തി

മൂന്ന് ട്രെയിൻ യാത്രക്കാർക്ക് കുത്തേറ്റു. താനെയിലൂടെ സർവീസ് നടത്തുന്ന സബർബൻ ട്രെയിനിലാണ് സംഭവം. സ്റ്റോപ്പിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച രാവിലെ 9:47 ന് കല്യാൺ-ദാദർ ഫാസ്റ്റ് ട്രെയിനിലായിരുന്നു സംഭവം. 19കാരനായ ഷെയ്ഖ് സിയ ഹുസൈനാണ് യാത്രക്കാരായ മറ്റ് മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ചത്.

മുംബ്ര എന്ന സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനായിരുന്നു ഇത്. എന്നാൽ ഇവിടെ ഇറങ്ങണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതോടെ ഇവിടെ ട്രെയിന് സ്റ്റോപ്പില്ലെന്നും അതിനാൽ ഇവിടെ ഇറങ്ങാൻ കഴിയില്ലെന്നും മറ്റ് യാത്രക്കാർ ഷെയ്ഖിനോട് പറഞ്ഞു.

ഇതിൽ പ്രകോപിതനായ പ്രതി മറ്റ് യാത്രക്കാരെ പിടിച്ചുതള്ളുകയും പിന്നാലെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. പിന്നാലെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടിച്ചുവെച്ച്, പൊലീസിൽ ഏൽപ്പിച്ചു. പരുക്ക് പറ്റിയവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയം പൊലീസിനുണ്ട്.