Kerala

മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു: സര്‍ക്കാര്‍ കുഞ്ഞിന് സംരക്ഷണമൊരുക്കുമെന്ന് മന്ത്രി; അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം

അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും.

കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഒരു കിലോയില്‍ താഴെ മാത്രം ഭാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍.ഐ.സിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. അവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലാ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

CONTENT HIGH LIGHTS; Parents left the baby in the hospital: Minister Veena George said that the government will take care of the baby; Immediate intervention is recommended