കൊച്ചി: കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്ത് 31 പ്രോജക്ടുകളാണ് വരാന്‍ പോകുന്നത്. 896 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ പാലക്കാടിനെ വടക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന അഞ്ചു പാക്കേജുകള്‍ ഉള്‍പ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട്- മലപ്പുറം ദേശീയ പാത നാലുവരിയാക്കാന്‍ 10,840 കോടി രൂപ ചെലവഴിക്കും. 120 കിലോമീറ്ററാണ് ദൂരം. ഇതടക്കം അഞ്ചുപാക്കേജുകളും ബിഡിങ് സ്റ്റേജിലാണെന്നും മന്ത്രി പറഞ്ഞു.
അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.