ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകള്‍ ഉണര്‍ത്തി നാളെ ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠംസമര്‍പ്പണാഘോഷം നടക്കും. ശനിയാഴ്ച രാവിലെ 5 ന് താമരപര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലി. 6ന് ആരാധന. തുടര്‍ന്ന് ധ്വജം ഉയര്‍ത്തല്‍. 7 മുതല്‍ പുഷ്പസമര്‍പ്പണം. 9 ന് ആരാധന. രാവിലെ 9 ന് നടക്കുന്ന പൊതുസമ്മേളനം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ അതിഭദ്രാസനം സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എപ്പിസ്‌കോപ്പ, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൌലവി, ആക്ട്‌സ് പ്രസിഡന്റ് ഡോ. ബിഷപ്പ് ഉമ്മന്‍ ജോര്‍ജ് എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.
എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. എം. വിന്‍സെന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി. ശിവന്‍കുട്ടി, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, ഭാരതീയ ജനതാ പാര്‍ട്ടി തിരുവനന്തപുരം നോര്‍ത്ത് പ്രസിഡന്റ് എസ്.ആര്‍. രജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 11 ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും. 12ന് ആരാധനയും ഗുരുപൂജയും. ഉച്ചയ്ക്ക് അന്നദാനം. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും 4ന് ആശ്രമസമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങള്‍, ദീപങ്ങള്‍ എന്നിവയുടെ അകമ്പടിയാകും. കര്‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തില്‍ ക്ഷേമ ഐശ്വര്യങ്ങള്‍ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികള്‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തില്‍ സമര്‍പ്പിക്കുന്നതോടെ കുംഭമേള സമാപിക്കും.’എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാന്‍ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും’ എന്ന ഗുരുവാക്കിനെ അന്വര്‍ത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകള്‍ കടന്ന് ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണ് പൂജിതപീഠം സമര്‍പ്പണം.
എല്ലാവര്‍ഷവും ഫെബ്രുവരി 22 ന് വ്രതാനുഷ്ഠാനങ്ങളോടെയും പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളോടെയും ഈ ദിനം പൂജിതപീഠംസമര്‍പ്പണദിനമായി ആഘോഷിക്കുന്നത്. ഇന്നലെ രാവിലെ 9ന് താമരപ്പര്‍ണ്ണശാലയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും ചേര്‍ന്ന് ആശ്രമകുംഭം നിറച്ചതോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ന് രാവിലെ 5 മണിയുടെ ആരാധനയ്ക്ക് ശേഷവും വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷവും പ്രാര്‍ത്ഥനാലയത്തില്‍ ആശ്രമകുംഭം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവും സങ്കല്‍പ്പ പ്രാര്‍ത്ഥനയും നടക്കും. അര്‍ദ്ധവാര്‍ഷിക കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി ഇന്ന് യജ്ഞശാലയില്‍ തിരിതെളിയും. പൂജിതപീഠംആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ രാജ്യത്തുടനീളം ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സത്സംഗങ്ങള്‍, ‘ഗുരുവിനെ അറിയാന്‍’ പ്രചരണപരിപാടി, വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം, ശുചീകരണയഞ്ജം, വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ വിഭവസമാഹരണം എന്നിവ നടന്നുവരികയാണ്.
CONTENT HIGH LIGHTS; Consecration of the shrine at Shantigiri and half-yearly Kumbh Mela tomorrow