Kerala

നിക്ഷേപകര്‍ക്ക് സ്വാഗതം: പക്ഷെ, സര്‍ക്കാര്‍ സമീപനം മാറണം; 30 വര്‍ഷത്തിനിടയില്‍ സംഘടിപ്പിച്ചത് 6 മീറ്റുകളും 4 ലോക കേരളസഭകളുമെന്ന് രാജീവ് ചന്ദ്രശേഖര്‍

രണ്ടുദിവസത്തെ ഇന്‍വെസ്റ്റ് കേരള അന്താരാഷ്ട്ര സംഗമത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സര്‍വ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. അതേ സമയം കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ അതിനനുസരിച്ച് മാറേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളം 2011 മുതല്‍ നിരവധി നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ സി.പി.എം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരത്തില്‍ 6 മീറ്റുകളും 4 ലോക കേരള സഭകളുമെങ്കിലും സംഘടിപ്പിച്ചിട്ടുണ്ട്.

പക്ഷേ ഇത്ര കാലത്തിന് ശേഷവും മാളുകള്‍ പണിയുന്നതൊഴികെ പുതിയ നിക്ഷേപങ്ങള്‍ വെറും പൂജ്യമാണ്. പുതിയ തൊഴിലവസരങ്ങളും അതേ അവസ്ഥയിലാണ്. കേരളത്തിലെ യുവാക്കളുടെ ഭാവി പ്രധാനമായും കേരളത്തിന് പുറത്ത് എന്ന അവസ്ഥയിലായി മാറി. സി.പി.എം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും നമ്മുടെ യുവാക്കളുടെ ഭാവിയെയും ബിസിനസ് വിരുദ്ധ സംസ്‌കാരവും അക്രമവും അഴിമതിയും കൊണ്ട് ഒരു പോലെ നശിപ്പിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വര്‍ഷങ്ങളായി മാറി മാറി ഭരിക്കുന്ന കോണ്‍ഗ്രസ്, ഇടതുപക്ഷ സര്‍ക്കാരുകള്‍ സാമ്പത്തിക കെടുകാര്യസ്ഥതയില്‍ രാജ്യത്തെ ഏറ്റവും മോശമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിക്കഴിഞ്ഞു. 2016 നും 2023 നും ഇടയില്‍ കേരളത്തിന് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയും നഷ്ടമുവുമുണ്ടായെന്ന് ഇടതു സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയിലും സമ്മതിച്ചിട്ടുള്ളതാണ്. ‘ഇന്‍ഡി’ സഖ്യ പങ്കാളിയായ കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശിന്റെയും കര്‍ണാടകയുടെയും സമ്പദ്വ്യവസ്ഥയെ വികസനമില്ലായ്മയിലൂടെ നശിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ ആഗോള നിക്ഷേപക സംഗമങ്ങള്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കീഴിലുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമായി മാറിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇവയില്‍ നിന്ന് പുതിയ നിക്ഷേപങ്ങളൊന്നുമുണ്ടായിട്ടില്ല. പുത്തന്‍ തൊഴിലവസരങ്ങളൊന്നും യാഥാര്‍ത്ഥ്യമായിട്ടുമില്ല. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന മലയാളി യുവാക്കളുടെ നിരാശക്കു നേരെ സംസ്ഥാനം നിരുത്തരവാദപരമായ നിസ്സംഗതയോടെയാണ് പെരുമാറുന്നത്. അത് മാറണം. നിക്ഷേപകര്‍ മനോഹരമായ കേരളത്തിലേക്ക് കടന്നു വരണമെന്നും അതു വഴി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലും അവസരങ്ങളും ലഭിക്കണമെന്നും ആഗ്രഹിക്കുന്നു.

പക്ഷേ അത് കോണ്‍ഗ്രസിനോ സിപിഎമ്മിനോ കീഴിലാകാന്‍ സാധ്യത കുറവാണ്. ഈ അവസ്ഥ മാറണം. കേരളത്തിന് വലിയ തോതില്‍ നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കാന്‍ ഏറെ സാദ്ധ്യതകളുണ്ട്. എന്നാലതിന് രാഷ്ട്രീയത്തിനതീതമായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവലംബിക്കുന്ന കാര്യക്ഷമതയുടെ രാഷ്ട്രീയം കേരളത്തിലും യാഥാര്‍ത്ഥ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

CONTENT HIGH LIGHTS; Investors welcome: But government approach must change; Rajeev Chandrasekhar said that 6 meetings and 4 Lok Kerala Sabhas were organized in 30 years.