ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. നാളെ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ മന്ത്രി സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.
കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.
സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായാണ് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതുവരെ 2.75 ലക്ഷത്തിലധികം പേരാണ് കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തത്. 1372 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 15,023 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 37 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.
CONTENT HIGH LIGHTS;Cancer Survivors Meet: Health Bliss-Remote Cancer