District hartal on 19th against central neglect regarding Mundakai - Chooralmala landslide disaster financial assistance
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പുനരധിവാസത്തിന്റെ ഭാഗമായുള്ള 16 പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സമയക്രമം മനസില്‍ സൂക്ഷിച്ചുവേണം പുനരധിവാസവുമായി മുന്നോട്ട് പോകാന്‍. സമയക്രമമില്ലെങ്കില്‍ എങ്ങനെ പുനരധിവാസത്തിന് കേന്ദ്ര സഹായം തേടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സമയക്രമമില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകുമെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.
പുനരധിവാസ പദ്ധതി മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനോടുള്ള ചോദ്യം. നിബന്ധന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വയനാട്ടില്‍ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. മാര്‍ച്ച് 31നകം പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിബന്ധന.
നിബന്ധനയില്‍ എതിര്‍പ്പറിയിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിബന്ധന വയ്ക്കാനാവില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്രം നല്‍കിയ വായ്പ സമയ പരിധിക്കുള്ളില്‍ വിനിയോഗിക്കുക എന്നത് അപ്രായോഗികമാണ് എന്നുമാണ് സര്‍ക്കാരിന്റെ മറുപടി.