പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വര്‍ദ്ധനവ് എന്ന ആവശ്യവും കുടിശ്ശികയില്ലാതെ കൃത്യമായി വേതനം നല്‍കണമെന്ന അവകാശവും പലപ്പോഴും നിഷേധിക്കുകയാണ്. അതേസമയം പി.എസ്.സി അംഗങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് അനുചിതവും ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച കാര്യവുമല്ല.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍, ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പൊതുവിതരണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, റേഷന്‍ വിതരണക്കാര്‍, സ്പഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ കരാര്‍ – താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ വേതന വര്‍ദ്ധനവ് നല്‍കുവാനും കൃത്യമായി വേതനം നല്‍കുവാനും സാധിക്കുന്നില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ നിലവിലുള്ളപ്പോള്‍ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത് ഇടതുമുന്നണി സര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനും ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Repeal of increase in salary and benefits of PSC chairman and members: AITUC