രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക്. രഞ്ജി ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 457നെതിരെ 455 റൺസിന് ഗുജറാത്ത് ഓൾ ഔട്ടാവുകയായിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും വീഴ്ത്തി വിജയത്തിലേക്ക് വഴി തുറന്ന ആദിത്യ സർവാടെ ആയിരുന്നു അവസാന ദിവസം കേരളത്തിൻ്റെ താരം.
ഫൈനൽ പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നതിൻ്റെ ആശങ്കകളുമായിട്ടായിരുന്നു കേരളം അവസാന ദിവസം കളിക്കാനിറങ്ങിയത്. മൂന്ന് വിക്കറ്റ് ശേഷിക്കെ കേരളത്തിൻ്റെ സ്കോർ മറികടന്ന് ലീഡ് നേടാൻ ഗുജറാത്തിന് 29 റൺസ് കൂടി മതിയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ജയ്മീത് പട്ടേലും സിദ്ദാർഥ് ദേശായിയും ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ ലീഡിലേക്ക് നയിച്ചേക്കുമെന്ന ഘട്ടത്തിലാണ് മൂന്ന് വിക്കറ്റുകളുമായി ആദിത്യ സർവാടെ ആഞ്ഞടിച്ചത്.
79 റൺസെടുത്ത ജയ്മീത് പട്ടേലാണ് സർവാടെയ്ക്ക് മുന്നിൽ ആദ്യം വീണത്. സർവാടെയുടെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ഉജ്ജ്വലമായൊരു സ്റ്റംപിങ്ങിലൂടെയാണ് ജയ്മീതിനെ പുറത്താക്കിയത്. വൈകാതെ തന്നെ സിദ്ദാർഥ് ദേശായിയും പുറത്ത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ലീഡിനായി 12 റൺസാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. കരുതലോടെ ബാറ്റ് വീശി അർസാൻ നാഗസ്വെല്ലയും പ്രിയജിത് സിങ് ജഡേജയും. ഫീൽഡിങ് ക്രമീകരിച്ച് സമ്മർദ്ദം ശക്തമായി കേരള ബൌളിങ് നിരയും. ഒടുവിൽ അർസാൻ നാഗസ്വെല്ല അടിച്ച പന്ത് സൽമാൻ നിസാറിൻ്റെ ഹെൽമെറ്റിൽ തട്ടിയുയർന്നത് സച്ചിൻ ബേബി കൈയിലൊതുക്കുമ്പോൾ പുതിയൊരു ചരിത്രത്തിൻ്റെ വക്കിലായിരുന്നു കേരളം. ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ട്. കേരളത്തിന് നിർണ്ണായകമായ രണ്ട് റൺസ് ലീഡ്. കേരളത്തിന് വേണ്ടി ജലജ് സക്സേനയും ആദിത്യ സർവാടെയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ബേസിൽ എൻ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണത് ആരാധകരുടെ സമ്മർദ്ദം ഉയർത്തി. അക്ഷയ് ചന്ദ്രൻ ഒൻപതും വരുൺ നായനാർ ഒരു റണ്ണും എടുത്ത് പുറത്തായി. എന്നാൽ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി. 32 റൺസെടുത്ത രോഹനും 10 റണ്‍സെടുത്ത സച്ചിൻ ബേബിയും അടുത്തടുത്ത് മടങ്ങിയെങ്കിലും ജലജ് സക്സേനയും അഹ്മദ് ഇമ്രാനും ചേർന്ന് കേരളത്തിൻ്റെ നില ഭദ്രമാക്കി. നാല് വിക്കറ്റിന് 114 റൺസെടുത്ത് നില്ക്കെ മല്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ജലജ് സക്സേന 37ഉം അഹ്മദ് ഇമ്രാൻ 14ഉം റൺസുമായി പുറത്താകാതെ നിന്നു.
CONTENT HIGH LIGHTS; Kerala make history in Ranji Trophy: Lead to final against Gujarat; Aditya Sarvade is the star of Kerala