നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് മാത്രം മതിയെന്നും സിവില്‍ നടപടി ക്രമങ്ങള്‍ 137, ഭാരതീയ നാഗരിക സുരക്ഷാ സംഹിത 307, ഭരണഘടനാ അനുഛേദം 348 എന്നിവ ഇതിന് പൂര്‍ണ്ണമായും അനുകൂലമാണെന്നും ജസ്റ്റിസ് . എം.ആര്‍ ഹരിഹരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളും അവരവരുടെ ഭാഷയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ ആയിരുന്ന കാലത്ത് ഉത്തരവുകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും മലയാളത്തിലാക്കിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സര്‍ക്കാര്‍ നിയമ കലാലയ (ഗവ. ലോകോളേജ്) ത്തില്‍ മലയാളഐക്യവേദിയും മിഴാവ് മലയാളം ക്ലബ്ബും സംഘടിപ്പിച്ച മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലാകെ മലയാള ഐക്യവേദിയുടെ നേത്യത്വത്തില്‍ ഫെബ്രു 28 വരെ നടക്കുന്ന മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഗവ. ലോ കോളേജില്‍ മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു. മാതൃഭാഷയാണ് ഓരോ ജനതയുടെയും വീടും നാടും ആകാശവുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിന്ദുമോള്‍ വി.സി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രൊഫ.സ്മിത ജോണ്‍, ഭരത് നായര്‍, വിനോദ്കുമാര്‍ വി ജ്യോത്സ്‌ന എം.എ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ‘ഭരണഘടന വിവക്ഷിച്ചിട്ടും മലയാള മാവാത്ത കീഴ്‌ക്കോടതിഭാഷയും നിയമപഠനവും’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ കെ.കെ സുബൈര്‍ കെ.എ.എസ് വിഷയാവതരണം നടത്തി. മാളവിക വൈലോപ്പിള്ളി, പ്രകാശ് ശൈലയം, ആദര്‍ശ് ജോണ്‍സണ്‍, വിമല്‍, ജെറിന്‍. സതീഷ് കിടാരക്കുഴി എന്നിവര്‍ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ഭാഷാപ്രശ്‌നോത്തരി മത്സരം മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി വി. വൈഷ്ണവി നയിച്ചു. ഒരാഴ്ച വിവിധ പരിപാടികളോടെ നടക്കുന്ന വാരാചരണം 28ന് യൂണിവേഴ്‌സിറ്റി കോളേജില്‍ സമാപിക്കും.
CONTENT HIGH LIGHTS; Lower court language and legal studies should be in Malayalam: Justice MR Hariharan Nair