കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 2% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.92 പോയിന്റ് ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനവും സംസ്ഥാന ഡിഎ 33 ശതമാനവുമായി ഉയരും.
കേന്ദ്ര ഡിഎ യഥാർഥത്തിൽ 55.97 ശതമാനമായാണ് ഉയർന്നതെങ്കിലും കേന്ദ്ര സർക്കാർ ലോവർ റൗണ്ടിങ് രീതി പിന്തുടരുന്നതു മൂലം ഇത് 56 ആക്കി റൗണ്ട് ചെയ്യുന്ന പതിവില്ല. അതുകൊണ്ടാണ് വർധന 2 ശതമാനത്തിൽ ഒതുങ്ങുന്നത്. നിലവിലുള്ള 53% ഡിഎ പൂർണമായി കേന്ദ്ര സർക്കാർ അനുവദിച്ചുകഴിഞ്ഞതാണ്. എന്നാൽ, സംസ്ഥാനത്തു നിലവിൽ കിട്ടാനുണ്ടായിരുന്ന 31% ഡിഎയിൽ 12% മാത്രമാണു നൽകുന്നത്. 6 ഗഡുക്കളായി ബാക്കി 19% കുടിശികയാണ്. ഇതിൽ 3% വരുന്ന ഒരു ഗഡു ഏപ്രിൽ മുതൽ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ ഡിഎ കൂടി ചേർത്തു കുടിശിക വീണ്ടും 6 ഗഡുവായി (18%) നിലനിൽക്കും. പുതിയ ഡിഎ വർധന കേന്ദ്രസർക്കാർ അടുത്ത മാസം പ്രഖ്യാപിച്ചേക്കും.