കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഎം നേതാക്കളും കോട്ടയം സിപിഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും. ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാർട്ടി ഓഫീസിലേക്ക് ഉച്ചയ്ക്ക് ശേഷം വിലാപയാത്ര മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെ സംസ്കരിക്കും.
ഇന്നലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ റസല്‍ മരിച്ചത്. അർബുദ ബാധിതനായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. 1981 ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായി. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 24 വർഷമായി ജില്ലാ കമ്മിറ്റിയിലും റസൽ തുടർന്നു.
ഡിവൈഎഫ്ഐ, സിഐടിയു ചുമതലകളിലും വഹിച്ചു. സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസവും പൊലീസ് നടപടിക്കും ഇരയായിട്ടുണ്ട്. 2006ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായും അർബൻ ബാങ്ക് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് വീണ്ടും സെക്രട്ടറിയായത്.